Skip to main content

*പച്ചക്കറികളുടെ പരിപാലനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണം *

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിളകളായ കാപ്പി, കുരുമുളക്, നെല്ല്, ഇഞ്ചി, മഞ്ഞള്‍, വാഴ, തെങ്ങ്, കമുക്, ഏലം, പച്ചക്കറികളുടെ പരിപാലന മുറകളില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ജൂണില്‍ സാധാരണയേക്കാള്‍ കുറവ് മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിന്റെ സാഹചര്യത്തില്‍ വിളകളുടെ കായിക വളര്‍ച്ച, പൂവിടല്‍, കായപിടുത്തം, പോഷകങ്ങളുടെ ആഗിരണം എന്നിവയെ ബാധിക്കാനും കീടരോഗ ആക്രമണം വര്‍ദ്ധിക്കാനും ഇടയാക്കും. സസ്യ  സംരംക്ഷണത്തിന്റെ ഭാഗമായി തോട്ടങ്ങളില്‍ എല്ലാ വിളകളിലും ഉണങ്ങിയ ഇലകള്‍, കളകള്‍ ഉപയോഗിച്ച് 10-15 സെ.മീ കനത്തില്‍ പുതയിടണം.   
തണല്‍ ക്രമീകരിക്കുക, തടങ്ങള്‍ ഇളക്കുക, ജലസംരക്ഷണ കുഴികള്‍ നിര്‍മ്മിക്കുക. മഴവെള്ള സംഭരണ കുഴികളുടെ അറ്റകുറ്റപ്പണി നടത്തുക.  
നീര്‍ച്ചാലുകളും, ചെക്ക് ഡാമുകളും പരമാവധി പ്രയോജനപ്പെടുത്തുക. നിലവിലുള്ള കുളങ്ങള്‍ വൃത്തിയാക്കി ആഴം കൂട്ടുക. സംരംക്ഷണ ചാലുകള്‍ നിര്‍മ്മിക്കുക.5-7 ദിവസത്തെ ഇടവേളകളില്‍ തടങ്ങളില്‍ ജലസേചനം നല്‍കുക. 
 
ആവശ്യമായ സാഹചര്യങ്ങളില്‍ ഡ്രിപ്പ് ജലസേചനം നല്‍കുക. അധിക മുളകളും, ഉണങ്ങിയ ശാഖകളും നീക്കം ചെയ്യുക. വരള്‍ച്ചക്കാലത്ത് അമിത നൈട്രജന്‍ വളപ്രയോഗം  ഒഴിവാക്കുക. പ്രതിരോധ കുമിള്‍നാശിനി പ്രയോഗിക്കുക. ജൈവവളം കൂടുതലായി നല്‍കുക. ഉയര്‍ത്തിയ തടങ്ങളില്‍ കൃഷി ചെയ്യുക. ഫെറോമോണ്‍ ട്രാപ്പുുകള്‍ ഉപയോഗിക്കുക. നഴ്‌സറികളില്‍ ഷേഡ് നെറ്റ് ഉപയോഗിക്കുക. തോട്ടങ്ങളില്‍ ആവരണ വിളകള്‍ വളര്‍ത്തുക. വളങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം നല്‍കുക. 

ഉയര്‍ന്ന ആര്‍ദ്രതയും, മഴയും  കുമിള്‍ രോഗ വ്യപനം കൂട്ടുന്നതിനാല്‍ കുരുമുളക്, കാപ്പി തോട്ടങ്ങളില്‍  ബോര്‍ഡോ മിശ്രിതം, സ്യൂഡോമോണസ് എന്നിവയുടെ രോഗ മുന്‍കരുതലിനായുള്ള സ്‌പ്രേയിംഗ് നടത്താവുന്നതാണ്.  കീടരോഗബാധയുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ സസ്യസംരംക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവനെ ബന്ധപ്പെടണം. കാലവര്‍ഷക്കെടുതി കാരണമുള്ള വിളനാശം സംഭവിച്ചാല്‍ പ്രകൃതിക്ഷോഭത്തിനായുള്ള ധനസഹായത്തിനായി 10 ദിവസത്തിനകവും സംസ്ഥാന വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ വിള ഇന്‍ഷൂര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകവും എഐഎംഎസ് പോര്‍ട്ടല്‍  മുഖേന അപേക്ഷ സമര്‍പ്പിക്കണം. വിളനാശം സംഭവിച്ചതിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ 04936 202506 എന്ന നമ്പറില്‍ ബന്ധപ്പെടാം.  

 

date