*കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം*
കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പുനർജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉപജീവന ഉപസമിതി കൺവീനർമാർക്കും ഏകദിന പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുനർജ്വാല പദ്ധതി വഴി നിലവിൽ പ്രവർത്തിച്ചുവരുന്ന സൂക്ഷ്മ സംരംഭങ്ങളെ സമഗ്രമായി അവലോകനം ചെയ്യും. പ്രവർത്തന ക്ഷമത കുറഞ്ഞതും ഉപജീവന നിലവാരത്തിൽ മാത്രം തുടരുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, വളർച്ചസാധ്യതയുള്ള സംരംഭങ്ങളെ വിപുലീകരിച്ച് ഉയർന്ന വരുമാനത്തിലേക്ക് നയിക്കുക, മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ മാതൃക വളർച്ചാധിഷ്ഠിത ബിസിനസ് സംരംഭങ്ങളായി ഉയർത്തുക എന്നിവയാണ് പുനർജ്വാല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ക്യാമ്പയിൻ്റെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, സിഡിഎസ് തലത്തിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ, സംരംഭങ്ങൾക്ക് അറിയിപ്പ് നൽകൽ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, ക്യാമ്പയിൻ്റെ തുടർപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് പരിശീലനം നൽകി. എൻ ആർ ഒ ഹരീഷ് പരിശീലനത്തിന് നേതൃത്വം നൽകി.
കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.എം സെലീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ പി.ഹുദൈഫ്, ശ്രുതി രാജൻ, അർഷക്ക് സുൽത്താൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ റ്റി.ജെ അതുല്യ, എം. എസ് വിദ്യമോൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments