Skip to main content

*ഷിഗെല്ല; ജില്ലാ കളക്ട‍ർ അടിയന്തര യോഗം വിളിച്ചു*

ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ട‍ർ ഡി.ആ‍ർ മേഘശ്രീ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ജൂൺ അഞ്ചിന് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ കുട്ടികളിൽ നിന്ന് ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആര്‍.ടി.പി.സി.ആ‍ർ പരിശോധനയ്ക്ക് അയച്ച രണ്ട് സാമ്പിളുകളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസ‍ർ ഡോ. കെ.ടി രേഖ യോഗത്തിൽ അറിയിച്ചു. 19 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

നിലവിൽ മറ്റുള്ളവരിലേക്ക് രോഗബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ചികിത്സ തേടിയ എല്ലാ കുട്ടികളുടെയും വീടുകളുമായി ആരോഗ്യപ്രവ‍ർത്തകർ ബന്ധപ്പെടുന്നുണ്ട്. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഷിഗെല്ല രോഗബാധയെക്കുറിച്ചും രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വ്യാപകമായ ബോധവത്കരണ പ്രവ‍ർത്തനങ്ങളും നടത്തണമെന്ന് കളക്ടർ നിർദേശിച്ചു.

രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകിവരുന്നത്. കുട്ടികൾ എല്ലാവരും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസ‍ർ അറിയിച്ചു. ഷിഗെല്ല ബാക്ടീരിയയുടെ ഇൻക്യുബേഷൻ കാലയളവ് ഒന്നു മുതൽ നാല് ദിവസം വരെയായതിനാൽ സ്കൂളിൽ നിന്ന് രോഗബാധയുണ്ടാകാൻ സാധ്യതയുള്ളവ‍രെ തുടർന്നുള്ള ദിവസങ്ങളിൽ നിരീക്ഷിക്കും. കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് സ്കൂളുകളിൽ കുട്ടികൾക്ക് രോഗലക്ഷണങ്ങളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികളുടെ വീടുകളിൽ ക്ലാസ് ടീച്ച‍ർമാർ വഴി ബന്ധപ്പെടുകയും രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസ‍ർ സി.വി മൻമോഹൻ അറിയിച്ചു.

ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റ് സ്കൂളുകളിലെയും കിണറുകളിൽ നിന്നുള്ള വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാൻ നിർദേശം നൽകണമെന്ന് ജില്ലാ കളക്ട‍ർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ട‍ർ നിർദേശം നൽകി. നിലവിലെ അവസ്ഥ നേരിടാൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്നും ആവശ്യമെങ്കിൽ ഒരു അധിക വാർ‍ഡ് കൂടി സജ്ജീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളെല്ലാം തന്നെ നിലവിൽ സ്റ്റോക്കുണ്ടെന്നും ഡി.എം.ഒ യോഗത്തിൽ അറിയിച്ചു.

സബ് കളക്ട‍ർ അതുൽ സാഗ‍ർ, ജില്ലാ പോലീസ് മേധാവി അരുൺ പവിത്രൻ, എ.ഡി.എം എ ജയശ്രീ, ഡെപ്യൂട്ടി കളക്ടർമാർ, മൂന്ന് താലൂക്കുകളിലെയും തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥ‍ർ എന്നിവ‍ർ യോഗത്തിൽ പങ്കെടുത്തു.

date