കൊതുകുനിവാരണവും ശുദ്ധജല വിതരണവും ഉറപ്പാക്കണം; പകർച്ചവ്യാധി പ്രതിരോധ യോഗത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശം
ജില്ലയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു. വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ചേർത്തല, ആലപ്പുഴ നഗരസഭകളിൽ ആരോഗ്യ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊതുകു നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ജില്ലാ മൃഗസംരക്ഷണ വകുപ്പ് കൈമാറുന്ന ജില്ലയിലെ പന്നിവളർത്തൽ കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിത കൊതുകുനിവാരണ പ്രവർത്തനങ്ങൾക്കും യോഗം നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം വെള്ളിയാഴ്ചകളിൽ സ്കൂളുകൾ, ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ, ഞായറാഴ്ചകളിൽ വീടുകൾ കേന്ദ്രീകരിച്ച് ഊർജ്ജിത ഉറവിട നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.
ആറാട്ടുപുഴ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ലോസിസ് രോഗം നിയന്ത്രണ വിധേയമായെങ്കിലും വയറിളക്ക രോഗങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനും പൊട്ടിയ പൈപ്പ് ലൈനുകളിലൂടെ മലിനജലം കുടിവെള്ളവുമായി കലരാതിരിക്കാനുമുള്ള നടപടികൾ ജല അതോറിറ്റി സ്വീകരിക്കണം. സ്കൂളുകളിലെ ജലസ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.
എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യപ്രവർത്തകർ മുഖാന്തരം ലഭ്യമാക്കിയിട്ടും ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ടു ചെയ്യുന്ന പശ്ചാത്തലത്തിൽ, മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർക്ക് ബൂട്ട്, കൈയുറ മുതലായ വ്യക്തിസുരക്ഷാ ഉപാധികൾ ലഭ്യമാക്കാനും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന എല്ലാ വിഭാഗം തൊഴിലാളികളും ആരോഗ്യവകുപ്പ് ലഭ്യമാക്കുന്ന ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുമേധാവികളെ യോഗം ചുമതലപ്പെടുത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി.വി.വിദ്യ, നഗരസഭ സെക്രട്ടറിമാർ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പ്രതിനിധികൾ, വിവിധ വകുപ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments