Skip to main content

സെൻസസ് 2027: ജില്ലയിൽ ഇതുവരെ 20,765 പേർ സെൽഫ് എന്യൂമറേഷൻ നടപടികൾ ആരംഭിച്ചു *18,285 പേർ സെൽഫ് എന്യൂമറേഷൻ പൂർത്തീകരിച്ചു

 

ദേശീയ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ ജില്ലയിൽ ഇതുവരെ 20,765 പേർ ആരംഭിച്ചു. ജൂൺ 24 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിൽ 18,285 പേർ സെൽഫ് എന്യൂമറേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 2,480 പേരുടെ നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 16 നാണ് സെൽഫ് എന്യുമറേഷൻ നടപടികൾ ആരംഭിച്ചത്. 
ദേശീയ സെൻസസിന്റെ ഭാഗമായി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യക്തികൾക്ക് സ്വയം കുടുംബത്തിന്റെ കൃത്യമായ വിവരങ്ങൾ സുരക്ഷിതമായി ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കുന്ന സെൽഫ് എന്യൂമറേഷൻ (എസ്ഇ) സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. 10 മിനുട്ട് കൊണ്ട് സെൽഫ് എന്യൂമറേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്നും ജൂലൈ ഒന്നുമുതൽ വിവരങ്ങൾ ശേഖരിക്കാൻ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാരുടെ ജോലി എളുപ്പമാക്കാൻ ഇത് ഉപകരിക്കുമെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. 
സെൻസസ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും പൊതുജനങ്ങൾക്കിടയിൽ വ്യാപക പ്രചരണം നൽകുന്നതിനും ജില്ലാ കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകി. താൽക്കാലിക ജീവനക്കാരടക്കം ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇത് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തും. 
എൻ എസ് എസ് വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വഴി പ്രാദേശിക കൂട്ടായ്മകളിലും സെൻസസ് ബോധവൽക്കരണം നടത്തുന്നുണ്ട്. ജില്ലയിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികളും സംഘടിപ്പിച്ചു വരികയാണ്. ജൂൺ 30 വരെയാണ്  സെൽഫ് എന്യുമറേഷൻ  സൗകര്യം ലഭിക്കുക. https://se.census.gov.in എന്ന വെബ്സൈറ്റ് വഴി പോർട്ടലിൽ പ്രവേശിച്ചാണ് സെൽഫ് എന്യുമറേഷൻ ചെയ്യേണ്ടത്. സംശയങ്ങൾക്ക് 1855 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. 

സെൻസസിന്റെ ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെ നടക്കും. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. അടുത്ത വർഷം ഫെബ്രവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.

(പിആർ/എഎൽപി/1229)

date