Skip to main content

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ  നടപടികൾ വേണം-ജി.സുധാകരൻ 

 

മയക്കുമരുന്ന് വ്യാപനത്തിനും ഉപയോഗത്തിനും അന്താരാഷ്ട്ര മാനങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും ജി.സുധാകരൻ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജില്ലയിൽ നടക്കുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം വേണം. ഇപ്പോൾ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന തൂഫാൻ ശക്തമായി മുന്നോട്ടുപോകുന്നതായും ജി.സുധാകരൻ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ  ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഭരണകേന്ദ്രത്തിന്റെയും  എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെയും, പൊലീസ്, സാമൂഹ്യനീതി വകുപ്പിൻ്റെയും നശാമുക്തഭാരത് അഭിയാൻ്റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയം പരിസരത്ത്  നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിഥമിക് ഫിറ്റ്നസ് ഡാൻസ് ക്ലബ് ആലപ്പുഴയുടെ സുംബ ഫിറ്റ്നസ്' ഡാൻസും ആലപ്പുഴ ജീസസ് യൂത്ത് ടീമിൻ്റെ ഫ്ളാഷ് മോബും  അരങ്ങേറി. ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, എൻ.എസ്.എസ്., നെഹ്റു യുവകേന്ദ്ര, എസ്. പി.സി., യുവ ആപ്‌തമിത്ര, സ്‌കൂൾ കോളേജ് വിദ്യാർഥികൾ, വിമുക്തി മിഷൻ പ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തിയ ഫൺ റൺ  ലിയോ തെർട്ടീന്ത്  സ്‌കൂളിൽ സമാപിച്ചു. ജില്ല കളക്ടർ ഷാജി വി.നായരും  ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബും ജില്ല പോലീസ് മേധാവി റ്റി.കെ.വിഷ്ണുപ്രദീലും ഡെപ്യൂട്ടി 
എക്സൈസ് കമ്മീഷണർ കെ.ആർ.അജയ്,  ജനപ്രതിനിധികൾ തുടങ്ങിയവർ  സന്നിഹിതരായി. തുഫാൻ ഫ്ലാഗ് ഓഫ് അനാവരണം ജില്ല കളക്ടർ നിർവഹിച്ചു.

തുടർന്ന് ലിയോ തേർട്ടീന്ത് സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ ആലപ്പുഴ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.എം.നൗഫലിന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മോളി ജേക്കബ് നിർവഹിച്ചു. ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് സന്ദേശം നൽകി. എ.ഡി.എം. സി.പ്രേംജി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ.അജയ്, വിമുക്തി മിഷൻ ജില്ല മാനേജർ വൈ.പ്രസാദ്, വാർഡ് കൗൺസിലർമാരായ ജിൻസി ജോൺസൺ, കെ.രജിത,എ.എസ്.കവിത,  സാമൂഹ്യ നീതി ഓഫീസർ വി.അശ്വതി, അസി.എക്സൈസ് കമ്മീഷണർ എ.പി.ഷാജഹാൻ, ജില്ല കോ-ഓഡിനേറ്റർ അഞ്ജു എസ്.റാം, എ.എസ്.നിതിൻ,പ്രിൻസിപ്പൽ ബിനു ജോസി എന്നിവർ സംസാരിച്ചു.

date