Skip to main content

ദേശീയ പാതയിലെ വെള്ളക്കെട്ടിന്  പരിഹാരം കാണാൻ എൻ എച്ച് എ ഐ ക്ക് സമർപ്പിച്ച  പദ്ധതികൾ ഉടൻ നടപ്പിലാക്കണം - ജില്ലാ വികസന സമിതി

ദേശീയപാത നവീകരണത്തിൻ്റെ  ഭാഗമായി പാതയോരങ്ങളിലെ വീടുകളിലും സമീപപ്രദേശങ്ങളിലും ഉണ്ടായ വെള്ളക്കെട്ടുകൾക്ക് താൽക്കാലികവും ശാശ്വതവുമായ പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും ജില്ലാ ഭരണകേന്ദ്രത്തിൻ്റെയും മേൽനോട്ടത്തിൽ 
 തയ്യാറാക്കിയ പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന്
 ജില്ലാ വികസന സമിതി (ഡി.ഡി.സി) ആവശ്യപ്പെട്ടു. 

ദേശീയപാതയോരത്തെ വെള്ളക്കെട്ട് താൽക്കാലികമായി പരിഹരിക്കുന്നതിന് 69.93 ലക്ഷം രൂപയുടെ പദ്ധതിയും ശാശ്വത പരിഹാരമായി 66.6 കോടി രൂപയുടെ പദ്ധതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ദേശീയപാത അതോറിറ്റിക്ക്  കൈമാറിയിട്ടുണ്ട്. ഈ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ പി. പ്രസാദ്, എ.ഡി. തോമസ്, റെജി ചെറിയാൻ എന്നിവർ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു.

ദേശീയപാത നിർമ്മാണം കാരണം കുടിവെള്ളം മുടങ്ങുന്ന സാഹചര്യം വന്നാൽ
ബദൽ സംവിധാനം ഒരുക്കാൻ എൻ.എച്ച്.എ.ഐ നടപടി സ്വീകരിക്കണമെന്നും, അതോറിറ്റി ഉദ്യോഗസ്ഥർ വികസന സമിതി യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി അരൂർ മണ്ഡലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധിക്കുന്ന കെട്ടിടങ്ങളുടെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി തയ്യാറാക്കണം. കൂടാതെ, പാണാവള്ളിയിലെ 
സബ് രജിസ്ട്രാർ 
 ഓഫീസ് നിലവിലെ കെട്ടിടത്തിൻ്റെ അവസ്ഥ മോശമായതിനാൽ വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനും 
പുതിയ കെട്ടിടത്തിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും നടപടിയുണ്ടാകണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.

അരൂർ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ തയ്യാറാക്കിയ അഞ്ച് കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ചേരുമെന്നും ഷാനിമോൾ ഉസ്മാൻ 
 അറിയിച്ചു. 

ദേശീയപാത നിർമ്മാണത്തിനായി നിയമവിരുദ്ധമായും അശാസ്ത്രീയമായും വേമ്പനാട്ടു കായലിൽ നിന്ന് മണൽ ഖനനം നടത്താൻ അനുവദിക്കില്ലെന്ന് പി. പ്രസാദ് എം.എൽ.എ വ്യക്തമാക്കി. മണൽ ഖനനത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങളും മാലിന്യങ്ങളും നിർമ്മാണക്കരാർ കമ്പനി തന്നെ അടിയന്തരമായി നീക്കം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. 

ദേശീയപാതയിലെ അണ്ടർപാസുകളിലെ വെള്ളക്കെട്ട് ദിവസങ്ങൾക്കകം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപടി ഉണ്ടായില്ല എന്ന് എ ഡി തോമസ് എംഎൽഎ പറഞ്ഞു. അണ്ടർപാസുകളിലൂടെ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനക്കാർക്കും കടന്നുപോകാൻ എത്രയും പെട്ടെന്ന് സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കും. 
ആലപ്പുഴ നഗരത്തിൽ   ജില്ലാ കോടതി പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  താൽക്കാലികമായി നിർമ്മിച്ച നഗരചത്വരം 
 റോഡിൻ്റെ മോശം അവസ്ഥ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കുട്ടനാട്ടിൽ കുടിവെള്ള പദ്ധതിക്കായി   കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കണം.   കുട്ടനാട് കുടിവെള്ള പദ്ധതിയുടെ   പൈപ്പിടൽ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ്  റോഡ് ക്രോസിംഗിനുള്ള അനുമതി സമയബന്ധിതമായി നൽകണം. കുട്ടനാട്ടിലെ തോടുകളുടെ ആഴം കൂട്ടുന്നതിനും വൃത്തിയാക്കുന്നതിനും  തദ്ദേശ സ്ഥാപനങ്ങൾ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും തോടുകളുടെ പുനരുദ്ധാരണത്തിന് മൈനർ-മേജർ ഇറിഗേഷൻ വകുപ്പുകൾ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കണമെന്നും റെജി ചെറിയാൻ എം എൽ എ ആവശ്യപ്പെട്ടു.

മുതലക്കുറിച്ചിക്കൽ   പാലം നിർമ്മാണത്തിൻ്റെ പുരോഗതി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുവാൻ
 ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ (എൽ.എ), പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ സംഘം സ്ഥലം സന്ദർശിക്കും . 
യോഗത്തിൽ ആഭ്യന്തരവകുപ്പ് മന്ത്രി  രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസാണ് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ഹരിപ്പാട് ഫയർ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക അടുത്ത ആഴ്ച തന്നെ കൈമാറും. 
വെട്ടിക്കുളങ്ങര - വന്ദികപ്പള്ളി റോഡിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കും. കൂടാതെ,   2025 ഒക്ടോബറിൽ
ഇടിമിന്നലേറ്റ് മരണപ്പെട്ട ഹരിപ്പാട് നിയോജകമണ്ഡലത്തിലെ രണ്ടുപേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യാനും ആറാട്ടുപുഴ വില്ലേജ് ഓഫീസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനും യോഗത്തിൽ തീരുമാനമായി. 

കായംകുളം ഗവ. ഗേൾസ് ഹൈസ്കൂൾ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് നടപടി വേണമെന്നും  കൃഷ്ണപുരം ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണ പ്രശ്നത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രതിനിധി യു മുഹമ്മദ് ആവശ്യപ്പെട്ടു.കായംകുളം നിയമസഭാ  മണ്ഡലത്തിലെ തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി വേണം. മുതുകുളത്ത് നിർമ്മിക്കുന്ന  തെരുവ് നായ  ഷെൽട്ടർ പദ്ധതിയുടെ  തടസ്സങ്ങൾ നീക്കി പദ്ധതി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുന്നപ്ര തെക്ക് ഒന്നാം വാർഡിലെനെർബോള ബീച്ചിലെ  കടലാക്രമണം തടയുന്നതിനായി ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് കെ സി വേണുഗോപാൽ എംപിയുടെ പ്രതിനിധിയും മുൻ എംഎൽഎയുമായ  എ എ ഷുക്കൂർ ആവശ്യപ്പെട്ടു. ഉടൻതന്നെ ജിയോ ബാഗുകൾ സ്ഥാപിക്കുമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് യോഗത്തിൽ ഉറപ്പ് നൽകി  . ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഹൗസ് ബോട്ട് ടെർമിനലുകൾ പൂർണ്ണമായി പ്രവർത്തനസജ്ജമാക്കണമെന്നും പദ്ധതികൾ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ചങ്ങനാശ്ശേരി-തുരുത്തി-വാലടി വഴി കാവാലത്തേക്കും തകഴി-പടഹാരം പാലം വഴിയും കെ.എസ്.ആർ.ടി.സി സർവീസുകൾ ഉടൻ ആരംഭിക്കാനും കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കാനും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി കെ ഗോപകുമാർ ആവശ്യപ്പെട്ടു.
എ.ഡി.എം സി പ്രേംജി. , ജില്ലാ പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date