സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം സംഘടിപ്പിച്ചു
രാജ്യപുരോഗതിക്കാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നതിലും വിവരവിശകലനം വലിയ പങ്ക് വഹിക്കുന്നതായി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു പറഞ്ഞു.
20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ ഔദ്യോഗിക ഏജൻസികൾ സമാഹരിക്കുന്ന വിവരങ്ങൾ ഏകീകരിക്കുന്നത് വികസനത്തിന്റെ വേഗത കൂട്ടാൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്ഥിതിവിവരക്കണക്ക് ശാസ്ത്രത്തിന്റെ പിതാവ് പി.സി. മഹലനോബിസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'അൺലോക്കിംഗ് ദി പൊട്ടൻഷ്യൽ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡാറ്റ' എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്, പ്രസംഗം, സംവാദം തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. സംഗീത, കൊച്ചി എൻ.എസ്.എസ്.ഒ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.വി. ലാൽ സിംഗ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments