Skip to main content
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവഹിക്കുന്നു

*തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു*

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓണത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും ആദ്യ വില്‍പനയും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നല്‍കുന്നതിനൊപ്പം സമൂഹത്തിലെ അവശരായ വലിയൊരു വിഭാഗത്തിന് കൈത്താങ്ങാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ വിജയിയെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി 30 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ 26 ന്് നറുക്കെടുപ്പ് നടക്കും.  

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശിഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എസ് രജനി, അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസര്‍ പി.കെ അനീഷ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സി.ബി സന്ദേശ്, കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ്, ലോട്ടറി സംഘടനാ നേതാക്കളായ ടി.എസ് സുരേഷ്, ഷിബു പോള്‍, എം.എ ജോസഫ്, സന്തോഷ് ജി നായര്‍, സുബൈര്‍ പി.കെ, എസ്.പി രാജവര്‍മ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date