Skip to main content

 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ മലപ്പുറത്ത് നിര്‍വഹിച്ചു. കൈറ്റിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരുടെ ശില്‍പശാലയുടെ ഭാഗമായി തിരുവല്ല ശാന്തിനിലയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങും മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഔദ്യോഗിക മാര്‍ഗരേഖ മന്ത്രി പ്രകാശനം ചെയ്തു.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ കളിയിലൂടെയുള്ള പഠനം , സര്‍ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാഴ്ചപരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 'സൈബര്‍ സുരക്ഷാ പ്രൊട്ടോക്കോള്‍ 2026' ശക്തമായി നടപ്പിലാക്കും. ഇതിനായി സ്‌കൂളുകളിലെ സൈബര്‍ സേഫ്റ്റി കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ നടത്തിപ്പിനായി മുഴുവന്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു .
ജില്ല കോര്‍ഡിനേറ്റര്‍  മനു മാത്യു, മാസ്റ്റര്‍ ട്രെയിനര്‍മാരായ എസ് ഗിരീഷ് കുമാര്‍, കെ ജി അഭിലാഷ്, സി കെ ജയേഷ്, ബ്ലെസി ഫിലിപ്പ്, റോബി ചെറിയാന്‍,  ആര്‍ താരാചന്ദ്രന്‍, ആര്‍ അഭിജിത് എന്നിവര്‍ ജില്ലയില്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു . ജൂലൈ 28, 29 തീയതികളില്‍ ശില്‍പശാല സംഘടിപ്പിക്കും.

 

date