സേഫ് ഓണം ജില്ലാതല ക്യാമ്പയിന് തുടക്കമായി
ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച "സേഫ് ഓണം" ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നടന്നു. ജി. സുധാകരൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സുബിമോൾ വൈ.ജെ. അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി ഭക്ഷ്യവ്യാപാരികൾ, ഭക്ഷ്യനിർമ്മാതാക്കൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
കുട്ടനാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ജിഷ രാജ് "സുരക്ഷിത ഭക്ഷ്യനിർമാണം, ശുചിത്വപരമായ സംഭരണം, സുരക്ഷിത ഭക്ഷ്യവിതരണം" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
തുടർന്ന് നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ചിത്ര മേരി തോമസ് "ഭക്ഷ്യ അഡിറ്റീവുകളുടെ സുരക്ഷിത ഉപയോഗം" എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു.
ഓണക്കാലത്ത് മായം കലർന്നതും നിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനം തടയുക, ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാ നിയമവും ചട്ടങ്ങളും കർശനമായി നടപ്പിലാക്കുക എന്നിവയാണ് "സേഫ് ഓണം" ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം ബേക്കറികൾ, ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, മത്സ്യ-മാംസ വിപണികൾ, സൂപ്പർമാർക്കറ്റുകൾ, പച്ചക്കറി-പഴ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുകയും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്
അറിയിച്ചു.
പരിപാടിയിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഹേമാംബിക എം., ശ മീരാ ദേവി എം. എന്നിവർ ആശംസാപ്രസംഗം നടത്തി. വിവിധ വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ഭക്ഷ്യനിർമ്മാതാക്കൾ, ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സുരക്ഷിത ഭക്ഷ്യനിർമാണവും വിതരണവും ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനുമായി എല്ലാ ഭക്ഷ്യവ്യാപാരികളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു.
- Log in to post comments