Skip to main content

നെഹ്റു ട്രോഫി വള്ളംകളി കമൻ്ററി മത്സരം നാളെ (04)

72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വള്ളംകളി കമന്ററി മത്സരം നാളെ (ആഗസ്റ്റ് 04 ചൊവ്വ) ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ (കളക്ട്രേറ്റിന് സമീപം)
നടക്കും. രാവിലെ 9.30 ന്  ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ മത്സരം ഉദ്ഘാടനം ചെയ്യും. 

ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി. നായർ അധ്യക്ഷനാകും. മുൻ എംഎൽഎ സി. കെ സദാശിവൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ എ.എ.ഷുക്കൂർ പങ്കെടുക്കും. 

ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഒറ്റ വിഭാഗമായും  കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ലാത) ഒറ്റ വിഭാഗമായും രണ്ട്  വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റാണ് സമയപരിധി. 2025ലെ നെഹ്‌റുട്രോഫി വള്ളംകളി ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. 

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും  സ്ഥാനം നേടുന്നവർക്ക് ആലപ്പുഴ കൈചൂണ്ടി ജംഗ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 
ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ 0477-2251349 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ മത്സര ദിവസം (നാലിന്) രാവിലെ ഒമ്പതിന് സ്കൂളിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാവും.

date