Skip to main content

വിവിധ ദുരിതബാധിത പ്രദേശങ്ങൾ മന്ത്രി എം ലിജു സന്ദർശിച്ചു ദുരിതബാധിതർക്കായി 236 ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുടങ്ങി

ആലപ്പുഴ: ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ക്യാമ്പുകളുടെ സാഹചര്യം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സ്ഥിതി സന്ദർശനത്തിനിടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം ലിജു നേരിട്ട് വിലയിരുത്തി. ജില്ലയിൽ ഇതുവരെ തുറന്നിട്ടുള്ള 76 ക്യാമ്പുകളിലും ആവശ്യത്തിന് വേണ്ട സൗകര്യങ്ങൾ മന്ത്രി ഉറപ്പുവരുത്തിയിട്ടുണ്ട്.

നിലവിൽ ജില്ലയിലെ 32 ഗ്രാമങ്ങളെയാണ് മഴക്കെടുതി ബാധിച്ചത്. കാലാവർഷം മൂലം വിവിധ അപകടങ്ങളിൽപ്പെട്ട് മൂന്നുപേർ മരണപ്പെട്ടു. പാണ്ടനാട് സ്വദേശി ശിവദാസൻ, ചെട്ടികാട് സ്വദേശി വർഗീസ്, വെളിയനാട് സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോയ ആര്യാട് സ്വദേശി ബാബുവിനെ കാണാതായിട്ടുണ്ട്. ബാബുവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഇതിനോടകം ജില്ലയിൽ 76 ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇവയിലായി 6518 പേരെ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു. കുട്ടനാട് താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി 236 ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചുകഴിഞ്ഞു. 82,000 പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന സൗകര്യം ഇവിടങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളം കയറിയ എരുവ, പത്തിയൂർ പോളേച്ചാൽ, കാവിൽ കോളനി, ഏവൂർ അടക്കമുള്ള മേഖലകളാണ് മന്ത്രി ഇന്ന് സന്ദർശിച്ചത്. ജാഗ്രത കൈവിടാതെ ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും പിന്തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

date