Skip to main content

ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന അതോറിറ്റി സൂചന പ്രകാരം ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടര്‍ച്ചയായി പെയ്താല്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അടിയന്തര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അനൗണ്‍സ്മെന്റ് വഴി വിവരം നല്‍കും. ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കും. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് വിലയിരുത്തുന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും നിര്‍ദേശം അനുസരിച്ചും ഓറഞ്ച് ബുക്ക് 2026 ലെ മാര്‍ഗനിര്‍ദേശം പ്രകാരവും എല്ലാ വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനം ഉറപ്പാക്കും. നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ജില്ല പോലീസ് മേധാവി, റാന്നി, കോന്നി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, ജില്ല ഫയര്‍ ഓഫീസര്‍, ജില്ല ജിയോളജിസ്റ്റ്, ജില്ല മണ്ണുസംരക്ഷണ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തി.
 

date