Skip to main content

*പട്ടുനൂൽ കർഷകർക്ക് ബോധവത്കരണ പരിപാടി*

പട്ടുനൂൽ കൃഷിക്കുള്ള ശാസ്ത്രീയ പരിപാലന രീതികളെക്കുറിച്ചും മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ പട്ടുനൂൽ കൃഷിയെ എങ്ങനെ ബാധിക്കുന്നുവെന്നും കർഷകരെ ബോധവത്കരിക്കുന്നതിന് പനമരത്ത് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. കേന്ദ്ര സിൽക്ക് ബോർഡിന്റെ എം.ആർ.എം.എ 2.0 പദ്ധതിക്ക് കീഴിൽ കാലാവസ്ഥാ വ്യതിയാനവും പട്ടുനൂൽ കൃഷിയും എന്ന പ്രോജക്ടിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മൾബറി പട്ടുനൂൽ കൃഷിയിലെ സംയോജിത പോഷക പരിപാലനം എന്ന വിഷയത്തിലുള്ള ടെക്നോളജി ബുള്ളറ്റിനും കൈപ്പുസ്തകവും പ്രകാശനം ചെയ്തു.

പട്ടുനൂൽ കൃഷിയിലെ മെച്ചപ്പെട്ട പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് ഡിജിറ്റൽ തെർമോ ഹൈഗ്രോമീറ്ററും അങ്കുശ് അണുനാശിനിയും വിതരണം ചെയ്തു. കർഷകർ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ശാസ്ത്രീയ പരിഹാരം കാണുന്നതിനുമായി വിദഗ്ധരുമായുള്ള മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. ദേവസ്യ, മൈസൂർ സി.എസ്.ബി-സി.എസ്.ആർ.ടി.ഐ ഡയറക്ടർ ഡോ. പി. ദീപ, പാലക്കാട് എസ്.എസ്.പി.സി സയന്റിസ്റ്റ് എം ശ്യാമള, പാലക്കാട് ബേസിക് സീഡ് ഫാം സയന്റിസ്റ്റ് ജെസ്സി ഡാനിയേൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യ നിർമ്മാർജ്ജന വിഭാഗം പ്രോജക്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീജിത്ത്, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ തുടങ്ങിയവ‍ർ പങ്കെടുത്തു.

date