ബഹു. ആഭ്യന്തര, കയർ വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ‘കയറിന് ഒരു കൈത്താങ്ങ് - ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിന്റെ കുറിപ്പ്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത തൊഴിൽ മേഖലയാണ് കയർ വ്യവസായം. രണ്ടു ലക്ഷത്തിലധികം തൊഴിലാളികളും 743-ഓളം കയർ സഹകരണ സംഘങ്ങളും ഈ മേഖലയെ ആശ്രയിച്ച് പ്രവർത്തിച്ചു വരുന്നു. എന്നാൽ, വിപണിയിലുണ്ടായ ഇടിവ്, ഉപഭോക്താക്കളുടെ കുറവ്, നൂതന ഉൽപ്പന്നങ്ങളുടെ അഭാവം എന്നിവ കാരണം കയർ സഹകരണ സംഘങ്ങളും തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്ത്രീ ശാക്തീകരണത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും നിർണ്ണായക പങ്കുവഹിക്കുന്ന ഈ മേഖലയെ സംരക്ഷിക്കുന്നതിനും സംഘങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിനും, തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിയും വരുമാനവും ഉറപ്പാക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെ കയർ ഉൽപ്പന്നങ്ങളുടെ വിപണനം വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ വിലയിരുത്തുന്നു.
• കേരളത്തിന്റെ പാരമ്പര്യ വ്യവസായ മേഖലയായ കയർ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകുന്നതിനായി കയർ വികസന വകുപ്പ് ഓണക്കാലത്തോടനുബന്ധിച്ച് പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ട്. “ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം - കയറിനൊരു കൈത്താങ്ങ്” എന്ന സന്ദേശവുമായാണ് ഈ പദ്ധതി ജനങ്ങളിലേയ്ക്ക് എത്തുന്നത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2026 ആഗസ്റ്റ് 9 ന് 3 മണിക്ക് ആലപ്പുഴ കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ വച്ച് ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം. ലിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ബഹു. ആഭ്യന്തര-വിജിലൻസ്, കയർ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. ഓഗസ്റ്റ് 10 മുതൽ ആറു മാസം വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലൂടെ ഓരോ കേരളീയ ഭവനത്തിലും കുറഞ്ഞത് ഒരു കയർ ഉൽപ്പന്നമെങ്കിലും എത്തിക്കുക എന്നതാണ് നമ്മൾ ലക്ഷ്യമിടുന്നത്. പരമ്പരാഗത കയർ തൊഴിലാളികൾക്കും നിർമ്മാണ മേഖലയ്ക്കും വലിയ പിന്തുണ നൽകാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീഷിക്കുന്നു. ഈ പദ്ധതിയുടെ പ്രചാരണത്തിനും പരിപൂർണ്ണ പിന്തുണ നൽകുന്നതിനുമായി പത്രമാധ്യമ സുഹൃത്തുക്കൾ, അവരുടെ ഭവനങ്ങളിലേയ്ക്ക് ഈ ഉൽപന്നങ്ങൾ വാങ്ങുകയും ഈ സംരംഭത്തിന് നിസ്സീമമായ സഹകരണം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
• പ്രവർത്തനരഹിതമായ കയർ പിരിസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക്, ഓണക്കാലത്ത് 2000/- രൂപ അഡ്വാൻസ്/എസ്ക്രേഷ്യ ഉൾപ്പടെയുള്ള സഹായം നൽകുന്നതിലേയ്ക്ക് 1 കോടി രൂപ വകയിരുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു.
• 12 കോടി രൂപയാണ് കയർഫെഡ് സംഘങ്ങൾക്ക് നൽകാനുള്ള കയർ വില. റിവോൾവിംഗ് ഫണ്ട് 3.95 കോടി രൂപയും പിപിഎസ്എസ് 7 കോടി രൂപയും ഉൾപ്പെടെ 10 കോടി 95 ലക്ഷം രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
• സംഘങ്ങളുടെ പ്രവർത്തനക്ഷമത പരിഗണിച്ച് 444 കയർസംഘങ്ങൾക്ക് പ്രവർത്തന മൂലധനമായി 4.56 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
• വിവിധ തദ്ദേശസ്ഥാപനങ്ങൾ വഴി തൊഴിലുറപ്പ് പദ്ധതിയിൽ കയർഭൂവസ്ത്രം വിതരണം ചെയ്ത വഴി ലഭിക്കാനുള്ള 68 കോടി രൂപയിൽ 41 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.
• കയർപിരി തൊഴിലാളികളുടെ കൂലി നിലവിലുള്ള 400/- രൂപയിൽ നിന്ന് 500/-രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
• ഉൽപാദനക്ഷമതയുള്ള ഡീഫൈബറിംഗ് മെഷീനുകൾ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം) സ്ഥാപിച്ചുകൊണ്ട് ചകിരി ഉൽപാദനം വർദ്ധിപ്പിച്ച് നിലവിലെ ചകിരി ക്ഷാമം പരിഹരിക്കും. ഇതോടൊപ്പം ചകിരിച്ചോറ് മൂല്യവർദ്ധിത ഉൽപന്നമായി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.
• കയർ തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യം ഘട്ടം ഘട്ടമായി കുടിശ്ശിക തീർക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
• കയർക്ഷേമനിധി ബോർഡിന് ലഭിക്കേണ്ട സെസ്സ് കൂടിയാലോചനകളിലൂടെ പരിഹരിക്കുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണ്.
• കയർ ഉൽപന്നങ്ങളുടെ വില കൃത്യമായി സംഘങ്ങൾക്ക് ലഭിക്കത്തക്ക നടപടികളാണ് ലക്ഷ്യമിടുന്നത്. തുടർന്ന് വരുന്ന വർഷങ്ങളിൽ കൂടുതൽ തൊഴിലാളികളെ കയർപിരി മേഖലയിലേക്ക് ആകർഷിക്കത്തക്ക പദ്ധതികൾ ഉറപ്പാക്കുന്നതാണ്.
• കയർമേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും വരുമാന വർദ്ധനവിനും വേണ്ടി കയർ മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനും തൊണ്ട് സംഭരണം, കയർപിരി മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും കേന്ദ്രസർക്കാരിന്റെ സഹായം തേടുന്നതാണ്.
പത്രസമ്മേളനത്തിൽ എൻസിആർഎംഐ ഡയറക്ടർ ഡോ. സി.അഭിഷേക്, കയർവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. അനിൽകുമാർ, കേരളാ സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് ആൻഡ് കയർഫെഡ് എം.ഡി എം.കെ. ശശികുമാർ, മുൻ എംഎൽഎ ബി.ബാബു പ്രസാദ് എന്നിവർ പങ്കെടുത്തു.
- Log in to post comments