യുവത്വത്തിൻറെ ശരികളെ രാഷ്ട്രം പിന്തുണയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യ അടിത്തറ ശക്തമായതിനാൽ -മന്ത്രി എം ലിജു- എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു ദേശീയ പതാക ഉയർത്തി
ഇന്ത്യയുടെ യുവത്വം രാജ്യത്തിൻറെ ശരിക്കു വേണ്ടി പോരാടുമ്പോൾ രാഷ്ട്രം ഒന്നടങ്കം അവരെ അംഗീകരിക്കുന്നതിന്റെ കാരണം വിമർശനത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന വലിയ പാരമ്പര്യം ഇന്ത്യ ഉയർത്തിപ്പിടിച്ചിരുന്നത് കൊണ്ടാണെന്ന് എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. മഹാത്മജിയുടെയും നെഹ്റുവിൻറെയും അംബദ്ക്കറുടെയും പാഠങ്ങളാണ് അതിന് ശക്തിപകരുന്നത്. രാജ്യം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന കാലത്ത് തന്നെ നമ്മുടെ രാഷ്ട്രശില്പികൾ വിമർശനങ്ങളെ അംഗീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജില്ല തല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ലോക ചരിത്രത്തിൽ തന്നെ അഭിമാനകരമായ ദിനങ്ങളിൽ ഒന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം. സാമ്രാജ്യത്വത്തിനെതിരെ ലോക ചരിത്രം കണ്ടിട്ടില്ലാത്ത ശൈലിയിലൂടെ , അഹിംസ സമരത്തിലൂടെ നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യം.തലമുറകൾ രക്തവും വിയർപ്പും കണ്ണീരും നൽകിയ മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്-മന്ത്രി പറഞ്ഞു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഏറെ വില നൽകുന്ന ഭരണഘടന സ്വാതന്ത്ര്യാനന്തരം നമ്മൾ സൃഷ്ടിച്ചു.സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗത്തിന്റെ അടിത്തറയാണ് നമ്മുടെ ശക്തി.രാഷ്ട്രപിതാവ് മതേതരത്വത്തെ സംരക്ഷിക്കാൻ രക്തസാക്ഷിയായി. പല രാജ്യങ്ങളും ഏകാധിപത്യ ഭരണത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും നീങ്ങിയപ്പോൾ ഇന്ത്യ ഇന്നും തിളക്കത്തോടെ നിലനിൽക്കുന്നത് ജനാധിപത്യത്തിൻറെ ശക്തമായ ഈ അടിത്തറയിലാണ്. അവസരസമത്വം, വിശപ്പു രഹിത സമൂഹം, ആരോഗ്യമേഖല എന്നിവയിലെല്ലാം ഇനിയും രാജ്യത്തിന് ശക്തിപ്പെടാൻ ഉണ്ട്. വിമർശനങ്ങളെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ പ്രത്യേകത. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അപരനാമത്തിൽ, തന്നെത്തന്നെ, വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയിരുന്നു-മന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനം മഴക്കെടുതിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ക്യാമ്പുകളിൽ വീടുകളിലേക്ക് തിരിച്ചുപോകാൻ ആവാത്ത ജനതയുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ലഹരിക്കെതിരെ വലിയൊരു പോരാട്ടത്തിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകുകയാണ്. നമ്മുടെ ഭരണഘടന, സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയവയെ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. അറിവിൻറെ വിഭജനം സമൂഹത്തിൽ ഉണ്ടായിക്കൂടാ. ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇത്തരം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം മന്ത്രി ലിജു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
എം.എൽ.എ മാരായ ജി.സുധാകരൻ, എ.ഡി.തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടര്‍ ഷാജി വി.നായരും ജില്ല പോലിസ് മേധാവി ടി.കെ.വിഷ്ണുപ്രദീപും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, മുൻ എം.എൽ.എ എ.എ.ഷൂക്കൂർ, മുൻ എം.പി.കെ.എസ്.മനോജ്, നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ.എം.നൗഫൽ, സി.ജ്യോതിമോൾ, നഗരസഭാംഗം വി.ജി.വിഷ്ണു, ബെന്നിജോസഫ്, നൂർദ്ദീൻകോയ, എം.കെ.നിസാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 13 പ്ലറ്റൂണുകളും 6 ബാന്റ് സംഘങ്ങളും പരേഡിന് അണിനിരന്നു. വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാന ദാനവും മന്ത്രി എം.ലിജു നിര്‍വഹിച്ചു. ചേർത്തല ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.ഹേമന്ത്കുമാർ ആയിരുന്നു പരേഡ് കമാന്റര്‍.
- Log in to post comments