Skip to main content

ഓണം പൊതുവിപണി : സംയുക്ത പരിശോധന നടത്തി

ഓണത്തിന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായി കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.

അരി-പലവ്യഞ്ജന മൊത്ത, ചില്ലറ വ്യാപാര ശാലകൾ, പഴം പച്ചക്കറി വിൽപ്പന ശാലകൾ, ഹോട്ടൽ, ബേക്കറി , ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സംയുക്ത പരിശോധനയിൽ ഏഴ് വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ആറ് ക്രമക്കേടുകൾ കണ്ടെത്തി.  വിലവിവരപ്പട്ടിക പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്നും, എഫ്.എസ്.എസ്.എ.ഐ  ലൈസൻസ് പുതുക്കി സൂക്ഷിക്കണമെന്നുള്ള കർശന നിർദ്ദേശം വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്.

  ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ച് ഫുഡ് സേഫ്റ്റി    ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും ഹെൽത്ത് കാർഡ് ഇല്ലാതെ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കാനും  നിർദേശം നൽകി.

സംയുക്ത പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ , ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അരുൺ,  റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ്, രാജേഷ് കെ.വിശ്വനാഥ്, തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

date