മന്ത്രി ഇടപെട്ടു; കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് പുതിയ ഗൈനക്കോളജിസ്റ്റ്
കായംകുളം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഒഴിവ് നികത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി കൺസൾട്ടന്റായ ഡോ. രഹ്ന ജലാലുദ്ദീനെയാണ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി നിയമിച്ച് ഉത്തരവായത്.
താലൂക്ക് ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ, പ്രത്യേകിച്ച് ഗൈനക്കോളജിസ്റ്റിന്റെ അഭാവം കാരണം രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം എം.എൽ.എ കൂടിയായ മന്ത്രി എം. ലിജു ആരോഗ്യ മന്ത്രിക്ക് നേരിട്ട് കത്ത് നൽകുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുതിയ ഡോക്ടറെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഗൈനക്കോളജിസ്റ്റിന്റെ സേവനം കായംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് സാധാരണക്കാർക്ക്, പ്രത്യേകിച്ച് പ്രസവ ചികിത്സയ്ക്കായി എത്തുന്നവർക്ക് വലിയ ആശ്വാസമാകും. പുതിയ ഡോക്ടർ ഉടൻ തന്നെ ചുമതലയേൽക്കും.
- Log in to post comments