*മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു;*
മാനന്തവാടി നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീര്‍ഘിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ജോക്കബ് സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. നഗരത്തിൽ രാത്രി കാലങ്ങളിൽ വാഹന തിരക്ക് മൂലം ആംബുലൻസുകള്‍ പോലും പോകാനാവാത്ത വിധം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. വൺവേ സമയം ക്രമീകരിക്കുന്നതിന് പോലീസിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
സെപ്റ്റംബര്‍ 14 മുതൽ ക്ലബ്ബ് കുന്നിലുള്ള പുതിയ കെട്ടിടത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ തിരക്കേറിയതും വീതീ കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിൽ താത്ക്കാലികമായി വൺവേ സംവിധാനവും ഏർപ്പെടുത്തും. വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്നും പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലേക്ക് ഇറങ്ങി പോകണം. കൂടാതെ ക്ലബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കും
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ഫ്രാൻസിസ്, പി.വി ജോർജ്, പി വി എസ് മൂസ, ഷിബു കെ ജോർജ്, കൗൺസിലർമാരായ എം.ആർ രജനീഷ്, എം.പി ശശികുമാർ, എം.എം സജ്ന, വി.യു ജോയ്, പി.കെ ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് സാലു, ട്രാഫിക് എസ് ഐ റോയ്, എ എസ് ഐ എ കെ വിജയൻ, എ എം വി ഐ എ ടി സുമേഷ്, വിവിധ ട്രേഡ് യൂണിയൻ- രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ ജയേന്ദ്രൻ, കെ.എം വർക്കി, വ്യാപാരി പ്രതിനിധികളായ കെ ഉസ്മാൻ, കെ.പി ശ്രീധരൻ, പി.വി മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി നായർ, അഡ്വ. റഷീദ് പടയൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
- Log in to post comments