*സ്വച്ഛതാ ഹി സേവ ശുചിത്വ ഭാരത യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി *
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന തീവ്ര ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. മാലിന്യമുക്ത- ഹരിതാഭമായ നവകേരള സൃഷ്ടിക്ക് ജനപങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്തത് പ്രസിഡന്റ് പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് വിമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ച് വിപുലമായ ജനകീയ ക്യാമ്പയിനുകള്‍ ജില്ലയില്‍ സംഘടിപ്പിക്കും.
ക്യാമ്പയിന്‍ മാര്‍ഗ്ഗരേഖ, തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രധാന ചുമതലകള്‍ സംബന്ധിച്ച് ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് ബോധവത്കരണ ക്ലാസെടുത്തു. ഓരോ പഞ്ചായത്തിലും നഗരസഭയിലും നടപ്പാക്കേണ്ട പ്രത്യേക പദ്ധതികളെക്കുറിച്ചും ശുചീകരണ ഡ്രൈവുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറിമാര്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.യു ജോബി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments