Skip to main content

നെൽക്കർഷകർ ജാഗ്രത പാലിക്കണം; രണ്ടാംകൃഷിയിൽ മുഞ്ഞയുടെ സാന്നിധ്യം

 

കുട്ടനാട്ടിലെ രണ്ടാംകൃഷിയിൽ ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് അറിയിച്ചു. നെടുമുടി, തകഴി, അമ്പലപ്പുഴ നോർത്ത് കൃഷിഭവനുകളുടെ പരിധിയിലെ വിത കഴിഞ്ഞ് 40 ദിവസത്തിലധികം പ്രായമായ ചില പാടശേഖരങ്ങളിലാണ് മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയത്.

പകൽസമയത്തെ ചൂടും രാത്രിയിലെ തണുപ്പും തുടരുന്ന കാലാവസ്ഥയിൽ മുഞ്ഞയുടെ വ്യാപനത്തിന് സാധ്യതയുണ്ട്. ഒപ്പം മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികളുടെ സാന്നിധ്യം മിക്കയിടങ്ങളിലും കാണുന്നുണ്ട്. അതിനാൽ കർഷകർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും സാങ്കേതിക നിർദേശമില്ലാതെ കീടനാശിനി പ്രയോഗിക്കരുതെന്നും അധികൃതർ അറിയിച്ചു.

കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

മുഞ്ഞ കൂടുതലായി കാണുന്ന പാടങ്ങളിൽ വെള്ളം കയറ്റി ഇറക്കിയശേഷം നീരുറ്റിക്കുടിക്കുന്ന മുഞ്ഞകളെ മാത്രം നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കണം. കീടനാശിനി തളിക്കുമ്പോൾ നെൽച്ചെടിയുടെ ചുവട്ടിൽ പതിക്കുന്ന വിധത്തിൽ സ്പ്രേ ചെയ്യണം.

നിലവിൽ മുഞ്ഞയുടെ സാന്നിധ്യമില്ലാത്ത പാടങ്ങളിൽ മുഞ്ഞയ്ക്കെതിരെ കീടനാശിനി പ്രയോഗിക്കേണ്ടതില്ല.

മഴ മാറി ചൂട് കൂടുതലായി നിൽക്കുന്ന സാഹചര്യത്തിൽ മുഞ്ഞയുടെ ആക്രമണം സാധാരണയായി ഉണ്ടാകുന്നതിനാൽ കർഷകർ ജാഗ്രത പുലർത്തുകയും നെൽച്ചെടികളുടെ ചുവട്ടിൽ നിരന്തരം പരിശോധന നടത്തുകയും വേണം.

മിത്രകീടങ്ങളെയും നശിപ്പിക്കുന്ന വിധത്തിൽ അനാവശ്യമായി കീടനാശിനി പ്രയോഗിക്കുന്നത് മുഞ്ഞബാധ രൂക്ഷമാകാൻ കാരണമാകും. അതിനാൽ സാങ്കേതിക ഉപദേശപ്രകാരമല്ലാതെ ഒരു കാരണവശാലും കീടനാശിനി പ്രയോഗിക്കരുത്.

അവധി ദിവസങ്ങളിലും കർഷകർക്ക് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. 

ഫോൺ    കൃഷിഭവൻ/പ്രദേശം: 

    9633815621     തകഴി

    8547865338     നെടുമുടി

    7034342115    ആലപ്പുഴ, മണ്ണഞ്ചേരി, മാരാരിക്കുളം

    8281032167    കരുവാറ്റ

9747962127    പുറക്കാട്

    9747731783    അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്

    9961392082    കൈനകരി

9074306585    പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്

date