Skip to main content

ചാമ്പ്യൻസ് ബോട്ട് ലീഗ് ജലമേളകളുടെ വിപുലീകരണം സാധ്യമാക്കും:  മന്ത്രി രമേശ് ചെന്നിത്തല

 

-ചാമ്പ്യൻസ് ബോട്ട് ലീഗിന്  തുടക്കമായി
-സി ബി എല്ലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് -മന്ത്രി പിസി വിഷ്ണുനാഥ്

ലഹരിവിപത്തിനെതിരെ  സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജലമേളകൾ ഉൾപ്പടെയുള്ള സാംസ്കാരിക ഉത്സവങ്ങളുടെ വിപുലീകരണം സാധ്യമാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കരുവാറ്റ ലീഡിങ് ചാനലിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട്ലീഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ചുണ്ടൻ വള്ളങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ഒരുക്കും. ചെറുപുഷ്പം റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. സ്ഥലം ഏറ്റെടുപ്പ് നടപടികൾ അതിവേഗം പുരോഗമിക്കുന്നു. കരുവാറ്റ ലീഡിങ് ചാനലിന്റെ ടൂറിസം സാധ്യതകൾ വിപുലപെടുത്താൻ ഇരുകരയിലും സംരക്ഷണഭിത്തി ഒരുക്കും. കരുവാറ്റയുടെ സമഗ്ര വികസനം ഉറപ്പാക്കാൻ ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാടിന്റെ തനിമ നിലനിർത്തുന്ന സാംസ്കാരിക ഉത്സവങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഉയർത്തുമെന്നും ചടങ്ങിൽ അധ്യക്ഷനായ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. 

 നാടിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്നായ വള്ളംകളിയുടെ പ്രോത്സാഹനത്തിന് സർക്കാർ സ്വീകരിച്ച മികച്ച നടപടിയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെന്ന്‌ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. നാടിന്റെ പൈതൃക ചരിത്രത്തിന്റെ പ്രതീകമായ വള്ളംകളി കുട്ടനാട്ടിലെ ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും മത്സരങ്ങളുടെ ടൂറിസം സാധ്യതകൾ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സരത്തിന് മുന്നോടിയായി നടന്ന മാസ്സ്ഡ്രിലിന്റെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ നാഥൻ നിർവഹിച്ചു. മത്സരത്തിന്റെ പതാക ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് ഉയർത്തി. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ മനു സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ അനില രാജു,  ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ എം എം അനസ് അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി ലക്ഷ്മി ശിവൻ, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സനിൽകുമാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാനവാസ് തുടങ്ങിയവർ ആശംസ അറിയിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബൈർകുട്ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

date