Skip to main content

മാരാരി ബീച്ചിൽ മെഗാ ബീച്ച് ക്ലീനിങ് കാംപെയിൻ  സംഘടിപ്പിച്ചു

 

മാരാരികുളം ബീച്ചിൽ ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്ത് എ.ഡി.തോമസ് എം.എൽ.എ

"ശുചിത്വമുള്ള തീരം, സുരക്ഷിതമായ കടൽ" എന്ന സന്ദേശമുയർത്തി മാരാരി ബീച്ചിൽ സംഘടിപ്പിച്ച  മെഗാ ബീച്ച് ക്ലീനിങ് ക്യാമ്പയിൻ  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എ.ഡി. തോമസ് എം.എൽ.എ നിർവ്വഹിച്ചു.

കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഭൂവിജ്ഞാന മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലാ ശുചിത്വ മിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ  എന്നിവരുമായി സഹകരിച്ചാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ പ്രമുഖ ടൂറിസം കേന്ദ്രമെന്ന നിലയിലാണ് കേന്ദ്ര മന്ത്രാലയം മാരാരി ബീച്ചിനെ  പരിപാടിക്കായി തിരഞ്ഞെടുത്തതെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കടൽത്തീരങ്ങൾക്കൊപ്പം തീരദേശവും ജില്ലയിലെ മറ്റ് ജലസ്രോതസ്സുകളുടെയും ശുചിത്വം ഉറപ്പാക്കാൻ ഏവർക്കും ഉത്തരവാദിത്വമുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സരള ചടങ്ങിൽ അധ്യക്ഷയായി.ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യപ്രഭാഷണം നടത്തി. പങ്കെടുത്തവർക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ സ്വാതി എസ്. സേനൻ  ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ജില്ലാ ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഓർഡിനേറ്ററുമായ പി.എ. ജസ്റ്റിൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാർമ്മിണി തമ്പാൻ, ഡി.ടി.പി.സി. സെക്രട്ടറി അജീഷ്, കെ.എസ്.പി.സി.ബി. എൻവയോൺമെന്റൽ എൻജിനീയർ ആർ. സരിത, വാർഡ് മെമ്പർ അനിത ജോസി , മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും ഒന്നിച്ച്  ബീച്ചും പരിസരവും ശുചീകരിച്ചു.

date