Skip to main content

തൂഫാൻ 2.0 ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമഗ്ര ജനകീയ മുന്നേറ്റമാകണം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ 

 

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പ്രവർത്തനങ്ങൾ സമഗ്ര ജനകീയ മുന്നേറ്റമകണമെന്നു  ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ. ആലപ്പുഴ ജില്ലാപഞ്ചായത്ത് അങ്കണത്തിൽ നടന്ന തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി പതാക ഉയർത്തലും തൂഫാൻ വാരിയർ പ്രഖ്യാപനവും തൂഫാൻ വാരിയർ ബാഡ്‌ജ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പോലീസ് സ്റ്റേഷനിൽ നിന്ന് വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. ഇതോടൊപ്പം ആവശ്യമായ കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പാക്കുക, ലഹരി വ്യാപനത്തിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുക എന്നിവയും പദ്ധതിയിലൂടെ സാധ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു. 

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറിയുമായ  കെ. മധുസൂദനൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  ടിജിൻ ജോസഫ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തൂഫാൻ പദ്ധതി സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ് ആലപ്പുഴ സൗത്ത് സ്റ്റേഷൻ എസ്.ഐ. റിയാസ് നടത്തി.

date