Skip to main content

*ജില്ലയിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി*

മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. കൽപ്പറ്റ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ജില്ലയില്‍ ഒക്ടോബർ 27 വരെ നടക്കുന്ന പേവിഷ ബാധ മുക്ത കേരളം പദ്ധതിയുടെ ഭാഗമായ തിവ്ര യജ്ഞ പരിപാടിയിൽ ഉടമസ്ഥരുള്ള നായകളെയും തെരുവു നായകളെയും പരമാവധി വാക്‌സിനേഷനു വിധേയമാക്കാൻ പൊതുജനങ്ങളും സന്നദ്ധസംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫലപ്രദമായി ഇടപെടണമെന്ന് പ്രസിഡന്‍റ് പറഞ്ഞു. 

വാർഡുകൾ തോറും നടത്തുന്ന ക്യാമ്പുകളിൽ മൂന്നുമാസത്തിനു മുകളിൽ പ്രായമുള്ളതും മറ്റ് രോഗങ്ങൾ ഇല്ലാത്തതുമായ നായ, പൂച്ച ഉൾപ്പെടെയുള്ള ഓമന മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. തുടർന്ന് ഒരു മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് നൽകുകയും അതിനുശേഷം വർഷംതോറും പ്രതിരോധ കുത്തിവെപ്പ് ആവർത്തിക്കുകയും ചെയ്യും. വാക്‌സിനേഷൻ ചാർജ് ഇനത്തിൽ 55 രൂപയാണ് ഉടമസ്ഥർ അടക്കേണ്ടത്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ ഉടമസ്ഥർക്ക് ലൈസൻസ് ലഭ്യമാക്കും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക വിഹിതം ഉപയോഗിച്ച് ഡോഗ് ക്യാച്ചർ മാരുടെ സഹായത്തോടെ തെരുവുനായകളുടെ വാക്‌സിനേഷൻ ക്യാമ്പയിനും നടക്കും. പിടിക്കുന്ന നായകളിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാത്തവരെ ബ്ലോക്ക് തിരിച്ച് സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി ഹംസ അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ പ്രേമൻ കെ എസ് പദ്ധതി വിശദീകരണം നടത്തി. വെറ്റിനറി ഓഫീസർ ഡോ. കെ.എസ് സുനിൽ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. കെ റസാനത്ത് എന്നിവര്‍ പങ്കെടുത്തു.

date