മാതൃക കുട്ടി കർഷകരുടെ വീട്ടിൽ സന്ദർശനം നടത്തി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ്
കാർഷിക മേഖലയോടുള്ള താൽപര്യവും അഭിനിവേശവും മുതൽക്കൂട്ടാക്കി വിജയം കൈവരിച്ച് മാതൃകയായ സഹോദരങ്ങളായ കുട്ടി കർഷകരെ കൃഷിമന്ത്രി ടി. സിദ്ദിഖ് നേരിൽ അഭിനന്ദിച്ചു. ആലപ്പുഴ ഫരീദ മൻസിലിലെ
ഫിറോസ്-നാസില ദമ്പതികളുടെ മക്കളായ ഫരീദ, ഫാദിയ, ഫാദിൽ മുഹമ്മദ് എന്നിവരാണ് നാടിന് മാതൃകയായ ഈ സഹോദരങ്ങൾ. ആലപ്പുഴ സെൻറ്. ജോസഫ് സ്കൂളിലെ വിദ്യാർഥികളാണ് മൂവരും. കുട്ടികളുടെ കൃഷിയുടെ വിവരങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മന്ത്രി നേരിട്ടെത്തിയത്.
ചെറുപ്രായത്തിൽ തന്നെ കൃഷിയിലേക്ക് കടന്നുവന്ന് വിവിധ പച്ചക്കറി വിളകളും മറ്റ് കാർഷികവിളകളും വിജയകരമായി കൃഷി ചെയ്ത ഇവരുടെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു.
വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന് പുറമേ ലഹരിക്കെതിരെയുള്ള സന്ദേശം കൂടിയാണ് ഇവരുടെ കർഷികപ്രവർത്തനമെന്നും
പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും, ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്‌കൂൾതലത്തിൽ ആരംഭിച്ച കതിർ കാർഷിക ക്ലബ്ബിന് ഈ കുട്ടികളുടെ പ്രവർത്തനം പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. കാർഷികമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കുട്ടികൾക്ക് കഴിയുമെന്നുള്ളതിൻ്റെ ഏറ്റവും മികച്ച മാതൃകയാണ് ഈ സഹോദരങ്ങളെന്നും മന്ത്രി പറഞ്ഞു.
പഠനത്തിനൊപ്പം കൃഷിയിലും സജീവമായി ഇടപെട്ട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സഹോദരങ്ങളുടെ പ്രവർത്തനം സമൂഹത്തിന് മികച്ച സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബാംഗങ്ങളുമായും കുട്ടികർഷകരുമായും മന്ത്രി ആശയവിനിമയം നടത്തുകയും അവരുടെ കാർഷിക പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തു.
ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഔഷധങ്ങളും ഫലവൃക്ഷങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പൂ കൃഷിയും ഉൾപ്പെടെയാണ് 5 സെൻറ് മാത്രമുള്ള വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി ഒരുക്കിയിരിക്കുന്നത്. മുളകിന്റെ വിവിധ ഇനങ്ങൾ ആയ ബുള്ളറ്റ് മുളക് , മീറ്റർ മുളക് , സീറ മുളക് എന്നിവയും വിവിധയിനം ചീരകളും ഇഞ്ചി, തക്കാളി , വേണ്ട, വഴുതന, പടവലം, മുന്തിരി, ഏലം, സ്ട്രോബറി, ബദാം, അമ്പഴം, ആപ്പിൾ, പ്ലം, ലബോട്ടിക്ക, അവക്കാഡോ , മാങ്കോസ്റ്റിൻ, സപ്പോട്ട, പേര, ഡ്രാഗൺ ഫ്രൂട്ട്, നാരകം, ഓറഞ്ച്, ദൂരിയാൻ, ലിച്ചി, സീതപ്പഴം എന്നിവയെല്ലാം 5 സെന്റിലായി ഒരുക്കിയിരിക്കുന്നത്. കൃഷി അറിവുകൾക്കായി വിദ്യാർത്ഥികളും കർഷകരും ഇവിടെ എത്തിച്ചേരുന്നു. ഇതി നോടകം നിരവധി പുരസ്കാരങ്ങളും ഈ കർഷക സഹോദരങ്ങളെ തേടിയെത്തി.
വാർഡ് കൗൺസിലർ ലൈലാ ബീവി മന്ത്രിയെ അനുഗമിച്ചു.
- Log in to post comments