കേര പദ്ധതി: റബ്ബർ പുനർനടീൽ കർഷകർക്ക് പരിശീലനം നടത്തി
കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബ്ബർ പുനർ നടീലിനായുള്ള കർഷകർക്ക് പരിശീലനവും രജിസ്‌ട്രേഷൻ പരിപാടിയും സംഘടിപ്പിച്ചു. നൂറനാട് ഹോട്ടൽ മൂൺലൈറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ ഉദ്‌ഘാടനം ചെയ്തു.
പാലമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സൗമ്യ പ്രദീപ് അധ്യക്ഷയായി. കേര പദ്ധതിയെക്കുറിച്ച് കോട്ടയം റീജ്യണൽ ആർ.പി.എം.യു. ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ അജാസ് കെ.ബാവയും, കേര റബ്ബർ പുനർ നടീൽ പരിപാലന പദ്ധതിയെക്കുറിച്ച് അടൂർ റബ്ബർ ബോർഡ് ഡെപ്യൂട്ടി ആർ.പി.സി ഇൻ-ചാർജ് ആർ.പ്രവീൺ കുമാറും ക്ലാസ്സെടുത്തു. അടൂർ റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടർ മനോജ്.കെ.ജി. സംസാരിച്ചു. കേര കോട്ടയം റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ സാഹിൽ മുഹമ്മദ് സ്വാഗതവും റീജിയണൽ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ രഞ്ജിനി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
കാലാവസ്ഥാനുസൃത റബ്ബർ തൈകൾ വെച്ച് പിടിപ്പിക്കുന്നതിന് കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കും. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും. നൂറ്റിപത്തോളം കർഷകർ പരിശീലനത്തിൽ പങ്കെടുക്കുകയും പുനർ നടീലിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു
- Log in to post comments