ദേശീയപാത നിർമ്മാണം: കുടിവെള്ളം തടസ്സപ്പെടുന്നത് പരിഹരിക്കാൻ അടിയന്തര നടപടി
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അരൂർ-ചേർത്തല മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളം തടസപ്പെടുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥ ഏകോപനം സാധ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കാനും തീരുമാനമായി. അരൂർ, എഴുപുന്ന കൊടംതുരുത്ത്, കുത്തിയതോട് മേഖലകളിൽ ദേശീയപാതയുടെ നിർമാണവും ജലവാഹകകുഴലുകളുടെ പുനസ്ഥാപനവും വേഗത്തിൽ നടത്തണം. ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, മുഹമ്മ എന്നിവിടങ്ങളിൽ താൽക്കാലികമായി ജലവിതരണം നിർത്തിവച്ച് അടിയന്തരമായി നിർമാണം പൂർത്തിയാക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജലവിതരണം തടസ്സപ്പെടുന്ന ദിനങ്ങളിൽ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ ടാങ്കർ ലോറികളിൽ കുടിവെള്ളം ഉറപ്പാക്കണം. മുഹമ്മ, ചേർത്തല മേഖലകളിൽ ജലവാഹകക്കുഴലുകളുടെ ഇന്റർ കണക്ഷൻ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശിച്ചു.. വണ്ടാനം, ഹരിപ്പാട്, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കണം. അപകടസാധ്യത വിലയിരുത്തി റിപ്പോർട്ട് നൽകേണ്ട ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.. ദേശീയ പാത നിർമാണം പൂർത്തിയാകുന്ന സ്ഥലങ്ങളിൽ കാൽനട യാത്രക്കാർക്ക് അണ്ടർ പാസ്, ബസ്സ് ബേ, യൂടെണിനുള്ള സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കും. കായംകുളം, കളർകോട് ദേശീയപാത മേഖലയിൽ അനുവദിച്ച അണ്ടർ പാസ് നിർമ്മിക്കാൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കലക്ടർ യോഗത്തിൽ അധ്യക്ഷനായി. എഡിഎം സി പ്രേംജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments