Skip to main content

*ദുരന്ത മേഖലയിലെ അരുമ മൃഗങ്ങള്‍ക്ക് തണലൊരുക്കാന്‍ അഭയ കേന്ദ്രം *

പ്രകൃതി ദുരന്തങ്ങളില്‍ ഒറ്റപ്പെടുന്ന അരുമ മൃഗങ്ങള്‍ക്ക് തണലൊരുക്കാന്‍ ജില്ലയില്‍ അഭയ കേന്ദ്രം ഒരുങ്ങുന്നു. ദുരന്ത സമയങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനൊപ്പം അവരുടെ ഉപജീവനമാര്‍ഗ്ഗമായ വളര്‍ത്തു മൃഗങ്ങളെയും മാറ്റി പാര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ചീരകത്ത് ഒരു കോടി രൂപ ചെലവിലാണ് അഭയ കേന്ദ്രം നിര്‍മ്മിക്കുന്നത്. ദുരന്ത മേഖലകളില്‍ നിന്നും മിണ്ടാ പ്രാണികളെ വിട്ടുപോരാനാവാത്ത സ്‌നേഹവും ആശങ്കയുമാണ് അപകട സമയത്ത് പലരെയും കൃത്യസമയത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.  മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മുഖത്ത് ആരുമില്ലാതെ ഒറ്റപ്പെട്ട് നടന്ന അരുമ മൃഗങ്ങള്‍ക്ക് വാസസ്ഥലമൊരുക്കയെന്ന ആശയത്തില്‍ നിന്നാണ് മനുഷ്യര്‍ക്കൊപ്പം ജീവജാലങ്ങളെയും ചേര്‍ത്തുപിടിക്കേണ്ടതിന്റെ തിരിച്ചറിവ് ശക്തമായത്. ദുരന്തത്തിന്റെ തീവ്രതയില്‍ തിരിച്ചറിഞ്ഞ വലിയ പ്രതിസന്ധിക്കാണ് ജില്ലയില്‍ കരുതലിന്റെ തണലൊരുങ്ങുന്നത്.  ദുരന്ത നിവാരണ രംഗത്ത് രാജ്യത്തിന് മാതൃകയാവുന്ന പദ്ധതിയ്ക്കാണ് ജില്ലയില്‍ തുടക്കമാവുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി,  ഹ്യൂമന്‍ വേള്‍ഡ് ഫോര്‍ അനിമല്‍സ് ഇന്ത്യയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി ദുരന്തങ്ങളോട് പൊരുതി മുന്നേറുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ ജീവന്റെ ഭാഗമായ അരുമ മൃഗങ്ങള്‍ക്കായി ഒരുക്കുന്ന സുരക്ഷിത കേന്ദ്രം മാതൃകയാകും.

date