Skip to main content

മലയാളദിനം, ഭരണഭാഷാ വാരാഘോഷം അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്യും

മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ രണ്ട് തിങ്കളാഴ്ച രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിക്കും. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തും. എ.ഡി.എം. ആര്‍. രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. കെ. ജയകുമാര്‍ സ്വാഗതം ആശംസിക്കും. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഭരണഭാഷാ പുരസ്‌കാര ജേതാവിനെ ആദരിക്കും. സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് മലയാളദിന സന്ദേശം നല്‍കും. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് നന്ദി പറയും. ഉദ്ഘാടന ചടങ്ങിനുശേഷം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഗവി കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യരചന മല്‍സരങ്ങള്‍ നടക്കും.

ഭരണഭാഷയായി മലയാളത്തിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക നടപടികളിലും ആശയവിനിമയത്തിലും മലയാളത്തിന്റെ പ്രാധാന്യം ഉറപ്പാക്കുക, ഭരണനിര്‍വഹണം ജനകീയവും ജനസൗഹൃദവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാരില്‍ ഭരണഭാഷാ അവബോധം വളര്‍ത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ഭരണകാര്യങ്ങള്‍ മാതൃഭാഷയില്‍ കൂടുതല്‍ സുഗമമായി മനസ്സിലാക്കാനും ഇടപെടാനും അവസരമൊരുക്കുന്നതിനും വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

date