Skip to main content
പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

വികസിത ഗ്രാമപഞ്ചായത്ത് പദ്ധതി: ബ്ലോക്ക്തല ശില്‍പ്പശാല സംഘടിപ്പിച്ചു

വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസിത ഗ്രാമപഞ്ചായത്ത് പ്ലാന്‍ തയ്യാറാക്കുന്നതിനും വിവിധ സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ബ്ലോക്ക്തല ശില്‍പ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലും അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഏറ്റെടുക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും മുന്‍ഗണനാ പദ്ധതികള്‍ രൂപീകരിക്കുന്നതിനുമാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ രാജന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. ഇ വിനോദ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന വിവിധ പദ്ധതികളാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയായത്. അങ്കണവാടികളില്‍ ഇന്റര്‍ലോക്ക് പാകല്‍, സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മാണം, പൊതുറോഡുകളുടെ നിര്‍മാണവും നവീകരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഓരോ ഗ്രാമപഞ്ചായത്തിന്റെയും പ്രാദേശിക ആവശ്യങ്ങള്‍ക്കും വികസന മുന്‍ഗണനകള്‍ക്കും അനുസൃതമായി പദ്ധതികള്‍ കണ്ടെത്തുന്നതിനും ചര്‍ച്ച നടന്നു.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എ രാജേഷ് കുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോമോന്‍, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് സ്‌കറിയ, വിലാസിനിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഏദന്‍ എസ്. ജോര്‍ജ്, രഞ്ജു എം. ജോയ്, ടി. സി സന്തോഷ്‌കുമാര്‍, അപര്‍ണ ആര്‍. ഉത്തമന്‍, ഷീജ പ്രമോദ് എന്നിവരും സംസാരിച്ചു.

തുടര്‍ന്ന് പ്രതിനിധികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അതത് പ്രദേശങ്ങളുടെ വികസന ആവശ്യങ്ങളും സാധ്യതകളും വിലയിരുത്തി. ഓരോ പഞ്ചായത്തിനും അനുയോജ്യമായ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ രൂപീകരിച്ചു. അടുത്ത അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശയും മുന്‍ഗണനയും നിശ്ചയിക്കുന്നതിനുള്ള ആശയരൂപീകരണവും നടന്നു. ജോയിന്റ് ബി.ഡി.ഒ അനീഷ് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

ഗ്രാമപഞ്ചായത്തുകളുടെ സജീവ പങ്കാളിത്തത്തോടെ പ്രാദേശിക വികസന ആവശ്യങ്ങള്‍ കണ്ടെത്തി സമഗ്രമായ വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

date