ശബരിമല തീര്‍ത്ഥാടനകാലം: ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും
ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം
മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കും കച്ചവട സ്ഥാപന ഉടമകള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന് വിഷയാവതരണം നടത്തി. ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
തീര്‍ത്ഥാടന പാതയിലെ ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണവും പരിശോധനകളും നടത്തും. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പാചകത്തിലും ഭക്ഷ്യവിതരണത്തിലും ഏര്‍പ്പെടുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിനൊപ്പം തലമുടി ഭക്ഷണത്തില്‍ വീഴുന്നത് ഒഴിവാക്കാന്‍ ക്യാപ് നിര്‍ബന്ധമായും ഉപയോഗിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും ആവശ്യമായ ഘട്ടങ്ങളില്‍ വൃത്തിയുള്ള ഡിസ്പോസിബിള്‍ ഗ്ലൗസുകള്‍ ധരിക്കുകയും വേണം. ഭക്ഷണം വിളമ്പുന്നതിനും നേരിട്ട് കൈകൊണ്ട് സ്പര്‍ശിക്കാതെ അനുയോജ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കണം. പാചകപ്പുരകളും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. തറയില്‍ വെള്ളവും മലിനജലവും കെട്ടിനില്ക്കാന് അനുവദിക്കരുത്.
ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതിന് അടപ്പുള്ള വേസ്റ്റ് ബിന്നുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുകയും അവ നിറയുന്നതിന് മുമ്പ് കൃത്യമായി നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുകയും വേണം. പാചകത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. അഴുകിയതും കേടുപാടുകള്‍ സംഭവിച്ചതുമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷ്യവസ്തുക്കളും യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്. കേടായവ ഉടന്‍ നീക്കം ചെയ്യുകയും നല്ല പച്ചക്കറികള്‍ കേടുകൂടാതെ ശുചിത്വമുള്ള സാഹചര്യത്തില്‍ സൂക്ഷിക്കുകയും വേണം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കരുത്. ആവശ്യമായ പച്ചക്കറികള്‍ മാത്രം തൊലി നീക്കം ചെയ്തു വൃത്തിയാക്കി പാചകത്തിനായി തയ്യാറാക്കണം. പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങള്‍ തുറന്നുവെക്കാന്‍ പാടില്ല. ഈച്ചകള്‍, മറ്റ് പ്രാണികള്‍, പൊടി എന്നിവ കടക്കാത്തവിധം ഭക്ഷണപദാര്‍ഥങ്ങള്‍ എപ്പോഴും അടച്ചുവെക്കുകയും ശരിയായ രീതിയില്‍ സംഭരിക്കുകയും വേണം.
തീര്‍ത്ഥാടനകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍, വയറിളക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യഭക്ഷ്യജന്യ രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, കുടിവെള്ള സംഭരണികള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിച്ച് അണുവിമുക്തമാക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും സുരക്ഷിതമായ സാഹചര്യം ഒരുക്കുക എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും ആരോഗ്യസ്ഥിതി, ഹെല്‍ത്ത് കാര്‍ഡ്, വ്യക്തിശുചിത്വം എന്നിവ ഉറപ്പാക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടരുത്. ഹോട്ടലുടമകളും വ്യാപാരികളും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഭക്ഷണവും ശുചിത്വപൂര്‍ണമായ അന്തരീക്ഷവും ഉറപ്പാക്കാന്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
തീര്‍ത്ഥാടനകാലത്ത് പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, സുരക്ഷിതമായ കുടിവെള്ള വിതരണം, പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിഷയങ്ങളെ പറ്റി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് യോഗത്തില്‍ വിശദീകരിച്ചു. പൊതുസ്ഥലങ്ങളില്‍ പുകയില നിരോധനം പാലിക്കുന്നതിനും നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും വ്യാപാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം, പ്രദര്‍ശനം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളെക്കുറിച്ചും ബോധവല്‍ക്കരണം നല്കി. തീര്‍ത്ഥാടനകാലത്ത് പകര്‍ച്ചവ്യാധി സാധ്യതകള്‍ നിരീക്ഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ശുചിത്വപൂര്‍ണമായ അന്തരീക്ഷവും ഉറപ്പാക്കാന്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി. റ്റി ജീമോന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പരിപാടിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പത്തനംതിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത് പെരേര, ജില്ലാ ആര്. സി.എച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാംകുമാര്‍, നിലക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍ കെ റെജി, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്. ദീപ, എം. പി. ബിജുകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്മാരായ സി.പി ആശ, ആര് സജിത്ത്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments