ഭരണത്തിലും കോടതികളിലും മലയാള ഭാഷ കൂടുതലായി ഉപയോഗിക്കണം: അബിന്‍ വര്‍ക്കി എംഎല്‍എ
ജില്ലാതല മലയാള ദിന - ഭരണഭാഷാ വാരാഘോഷം ഉദ്ഘാടനം ചെയ്തു
മലയാള ഭാഷ സാഹിത്യത്തിലും സാംസ്കാരിക രചനകളിലും മാത്രം ഒതുങ്ങാതെ ഭരണരംഗത്തും കോടതിമുറികളിലും കൂടുതലായി ഉപയോഗിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അഡ്വ. അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടം,ജില്ലാ സാക്ഷരതാ മിഷന് എന്നിവയുമായി സഹകരിച്ച് കളക്ടറേറ്റ് ഗവി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിന - ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും സവിശേഷവുമായ ഭാഷകളിലൊന്നാണ് മലയാളം. 'ഴ', 'ള' തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണത്തിലെ പ്രത്യേകതകള്‍ ഭാഷയുടെ മഹത്വം വ്യക്തമാക്കുന്നതാണ്. മലയാളം കൃത്യമായി ഉച്ചരിക്കാന്‍ പഠിക്കുന്നതിലൂടെ ലഭിക്കുന്ന നാവിന്റെ വഴക്കം മറ്റു ഭാഷകള്‍ പഠിക്കാനും സഹായകരമാകും. വള്ളത്തോള്‍, കുമാരനാശാന്, കുഞ്ഞുണ്ണി മാഷ്, ഒഎന്‍വി കുറുപ്പ് തുടങ്ങിയ മഹാരഥന്മാര് പകര്‍ന്നു നല്കിയ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പാരമ്പര്യമുള്ള ഭാഷയാണ് മലയാളമെന്നും അതിന്റെ സൗന്ദര്യവും മൂല്യവും ഭരണ നിര്‍വഹണത്തിലും പൊതുജന സേവനത്തിലും പൂര്‍ണമായി പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ 70-ാമത് ജന്മദിനവും 1982-ല്‍ രൂപീകൃതമായ പത്തനംതിട്ട ജില്ലയുടെ 44-ാമത് ജന്മദിനവും ഓര്‍മിപ്പിച്ച എംഎല്‍എ ജില്ലയുടെ വികസനത്തില്‍ പങ്കാളികളായവരെ അനുസ്മരിച്ചു. കെ കെ നായര്‍ ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ സംഭാവനകള്‍ സ്മരിക്കാതെ പത്തനംതിട്ട ജില്ലയുടെ രൂപീകരണ ചരിത്രം പറയാനാകില്ലെന്നും ഭരണഭാഷാ ദിനത്തില്‍ അവരെ നന്ദിയോടെ ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വന്തം നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചറിയിക്കുന്ന മാതൃഭാഷയായ മലയാളത്തിന്റെ ഔന്നത്യം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രയാസമേറിയഭാഷകളില് ഒന്നാണ് മലയാളം. വ്യക്തമായ ഉച്ചാരണ സ്ഫുടതയുള്ള ഭാഷയായ മലയാളം പഠിച്ച ഒരാള്‍ക്ക് മറ്റ് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയും.
മലയാള ഭാഷയെ നെഞ്ചോട് ചേര്‍ത്തുപിടിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. നവംബര്‍ ഏഴുവരെ നടക്കുന്ന ഭാഷാ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം മാതൃഭാഷയുടെ മഹത്വം എല്ലാവരിലും എത്തിക്കുക എന്നതാണെന്നും അവര്‍ പറഞ്ഞു.
മാതൃഭാഷയായ മലയാളത്തിന്റെ നിലനില്‍പ്പും സംരക്ഷണവും വരുംതലമുറയോടുള്ള വലിയ ഉത്തരവാദിത്തമാണെന്ന് സാഹിത്യകാരന് ഉണ്ണികൃഷ്ണന് പൂഴിക്കാട് പറഞ്ഞു. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവരുടെ സഹായമില്ലാതെ മലയാളത്തില്‍ അവതരിപ്പിക്കാനും കത്തുകള്‍ എഴുതാനും കഴിയുന്നത് വലിയ നേട്ടമാണ്. ശുദ്ധ മലയാളം' എന്ന പ്രയോഗം ശരിയല്ലെന്നും വിവിധ ജില്ലകളിലെ വായ്മൊഴി വഴക്കങ്ങളാണ് ഭാഷയുടെ യഥാര്‍ഥ സമ്പത്തെന്നും ചടങ്ങില്‍ നല്കിയ മലയാളദിന സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ഈ വര്‍ഷത്തെ ഭരണ ഭാഷാ സേവന പുരസ്കാരം ലഭിച്ച കളക്ട്രേറ്റ് ക്ലര്‍ക്ക് വീണ വി നായര്‍ക്ക് അബിന്‍ വര്‍ക്കി എം എല്‍ എ പുരസ്കാരം സമ്മാനിച്ചു.
ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. എഡിഎം ആര് രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കെ ജയകുമാര്‍ സ്വാഗതം ആശംസിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ ആശംസയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് നന്ദിയും അറിയിച്ചു.
- Log in to post comments