Skip to main content

ഉത്സവങ്ങളിൽ ആനകളുടെ ഉപയോഗം നാട്ടാന പരിപാലന ചട്ടം കർശനമായി നടപ്പാക്കാൻ നിർദേശം

 

ഉത്സവങ്ങളിൽ ആനകളെ ഉപയോഗിക്കുന്നത് 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായിട്ടാകണമെന്നും ചട്ടങ്ങൾ പാലിക്കപെടുന്നുവെന്നു ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും നിർദേശം.  ജില്ലയിലെ ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റിൽ ചേർന്ന ജില്ലാ നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.  സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം രജിസ്റ്റർ ചെയ്യാത്ത ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ പാടില്ലെന്നും പുതുതായി ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കാൻ പാടില്ല, ഹെൽത്ത് സർട്ടിഫിക്കറ്റ് ഉള്ള ആനകളെ മാത്രമേ എഴുന്നള്ളിപ്പിന് ഉപയോഗിക്കാവൂ അല്ലാത്തവയെ  ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്; അത്തരം സംഭവങ്ങളിൽ തുടർ നിയമ നടപടികൾ സ്വീകരിക്കാം. പേപ്പർ, വർണകടലാസുകൾ, ശബ്ദവിന്യാസ സംവിധാനങ്ങൾ എന്നിവ ആനയെ എഴുന്നള്ളിപ്പിക്കുമ്പോൾ ഉപയോഗിക്കരുത്.    അടിയന്തിര ഘട്ടങ്ങളിൽ ആനകൾക്ക് മയക്കുവെടി ഉൾപ്പെടെയുള്ള നടപടികൾക്കായി പ്രത്യേക വിദഗ്ധ സംഘത്തെ ഉത്സവ കമ്മിറ്റിക്കാർ നിയോഗിക്കണം. ആനകളുടെ എഴുന്നള്ളിപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ ജില്ലാ മോണിറ്ററിംഗ് സമിതിക്ക് കൈമാറണം. അസുഖബാധിതരായ ആനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കരുത്.  ഒന്നിൽ കൂടുതൽ ആനകളെ ഉപയോഗിക്കുമ്പോൾ കൃത്യമായ അകലം പാലിക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. 
      എ ഡി എം സി പ്രേംജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഫോറസ്ററ് കൺസർവേറ്റർ  സുമി ജോസഫ്,  ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി. കെ. രാജേഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ റ്റി. എസ്. സേവ്യർ, ആനയുടമകൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date