Skip to main content

*മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മൊബൈൽ ആപ്പിന് വൻ സ്വീകാര്യത*

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷന് തൊഴിലാളികൾക്കും തൊഴിലുടമകൾക്കു മിടയിൽ മികച്ച സ്വീകാര്യത. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 11,000 കടന്നു. ബോർഡിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ നേട്ടമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ സ്മാർട്ട്ഫോൺ വഴി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആപ്പിലൂടെ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും അംശാദായം ഓൺലൈനായി അടയ്ക്കാം. യു.പി.ഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴിയാണ് പണമടയ്ക്കാനുള്ള സൗകര്യം. പണമടച്ച ഉടൻ രസീത് ഡൗൺലോഡ് ചെയ്യാനും മുൻകാല അംശാദായ വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും പരിശോധിക്കാനും കഴിയും. മൊബൈൽ ആപ്പിന് പുറമെ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.kerala.gov.in വഴിയും സേവനങ്ങൾ ലഭ്യമാണ്. വാഹനങ്ങളുടെയും തൊഴിലാളികളുടെയും പുതിയ രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്കുള്ള ക്ഷേമ ആനുകൂല്യങ്ങളുടെ അപേക്ഷ സമർപ്പണം, ധനസഹായ വിതരണം തുടങ്ങിയ സേവനങ്ങളും ഘട്ടംഘട്ടമായി ഓൺലൈനാക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് തിരഞ്ഞോ ഔദ്യോഗിക ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 

date