Skip to main content
പുളിക്കീഴ് ബ്ലോക്കുതല ഭിന്നശേഷി കലാമേള മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യുന്നു

സ്‌നേഹവും സന്തോഷവും നിറച്ച് 'ഉല്ലാസപ്പറവകള്‍'; ആവേശമായി പുളിക്കീഴ് ബ്ലോക്കുതല ഭിന്നശേഷി കലാമേള

അപരനെ ചേര്‍ത്തുപിടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് യഥാര്‍ത്ഥ സാമൂഹ്യ ധര്‍മ്മമെന്ന് മലങ്കര കാത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്കുതല ഭിന്നശേഷി കലാമേളയായ 'ഉല്ലാസപ്പറവകള്‍' പുളിക്കീഴ് റിയോ ടെക്സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരിമിതികള്‍ ഉള്ളവരാണ്, പരിമിതികളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇതു പോലുള്ള കലാമേളയെന്നും അദ്ദേഹം പറഞ്ഞു. പുളിക്കീഴ് ബ്ലോക്കിനെ ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്.

  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷനായി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോന്‍, സ്ഥിരം സമിതി അധ്യക്ഷരായ ജോ ഇലഞ്ഞിമൂട്ടില്‍, നിഷ അശോകന്‍, രാജേഷ് ചാത്തങ്കരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റെയ്ച്ചല്‍ വര്‍ഗീസ്, ജോളി ജോര്‍ജ്, സോമന്‍ താമരച്ചാലില്‍, തോമസ് പി. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് അമ്പിളി എസ് നായര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എസ്. റീന എന്നിവര്‍ പങ്കെടുത്തു. സി.ഡി.പി.ഒ. അംബിക അന്തര്‍ജനം വിഷയാവതരണം നടത്തി. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമാപന സമ്മേളനവും ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ നിര്‍വഹിച്ചു.

date