പട്ടികജാതി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: സി വി ശാന്തകുമാര്‍ എംഎല്‍എ
ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെയും മുന്‍ഗണനാ ക്രമത്തിലും നടപ്പിലാക്കണമെന്ന് സി വി ശാന്തകുമാര്‍ എം.എല്‍.എ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കോടിക്കണക്കിന് രൂപയാണ് വര്‍ഷാവര്‍ഷം ലാപ്‌സാകുന്നതെന്നും പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പല മേഖലകളിലും ഫണ്ടുകള്‍ ചെലവഴിക്കപ്പെടാതെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഗുണഭോക്താക്കള്‍ക്ക് പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നല്‍കാനും, പ്രൊപ്പോസലുകള്‍ തയ്യാറാക്കുമ്പോള്‍ പ്രായോഗികമായ തടസ്സങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും ദീനാമ്മ റോയി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുന്നതിനും പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ ഏകോപിപ്പിച്ചുകൊണ്ട് ഓരോ ഉന്നതിക്കും കൃത്യമായ വികസന പ്ലാന്‍ തയ്യാറാക്കണം. അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നിമിഷം ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി, മുന്‍ഗണനാ ക്രമത്തിലുള്ള പ്രൊപ്പോസലുകള്‍ നേരത്തെ തന്നെ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പുരോഗമിക്കുന്ന പദ്ധതികളുടെ വിശദമായ അവലോകനം നടത്തി. അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട പദ്ധതികളില്‍ ഭേദഗതി ആവശ്യമുള്ളവ പുതുക്കി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ജൂലി സാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments