ടാങ്കർ ജലവിതരണത്തിന് പ്രത്യേക നിയന്ത്രണം
സ്വകാര്യ ടാങ്കർ ലോറികൾ വഴി ബൾക്ക് വാട്ടർ വിതരണം ചെയ്യാൻ ഭൂജലം ശേഖരിക്കുന്ന വ്യക്തികൾക്കും ഏജൻസികൾക്കും ഉത്തരവുകൾ ബാധകമാണ്. ജില്ലാ കളക്ടർമാരാണ് നോഡൽ ഓഫീസർമാർ; ഭൂജല വകുപ്പ് ജില്ലാ ഓഫീസറുടെ എൻ.ഓ.സിയുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ.
കുറഞ്ഞത് 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയോ പാട്ടക്കരാറോ, ലൊക്കേഷൻ സ്കെച്ച്, കിണർ നിർമാണാനുമതി, മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത എൻ.എ.ബി.എൽ അംഗീകൃത ലബോറട്ടറിയുടെ ജലഗുണനിലവാര പരിശോധനാ റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ജില്ലാ ഭൂജല വകുപ്പ് ഓഫീസർ നിയോഗിക്കുന്ന ഭൂജല ശാസ്ത്രജ്ഞൻ സ്ഥലപരിശോധനയും പമ്പിങ് ടെസ്റ്റും നടത്തിയശേഷമാണ് അനുവദിക്കാവുന്ന ജലശേഖരണ അളവ് നിശ്ചയിക്കുന്നത്. മറ്റൊരു ജലവിതരണ സ്രോതസ്സിൽനിന്ന് കുറഞ്ഞത് 30 മീറ്റർ അകലം പാലിച്ചായിരിക്കണം ജലശേഖരണ സംവിധാനം സ്ഥാപിക്കേണ്ടത്.
ഒരു കിണറ്റിൽനിന്ന് പ്രതിദിനം 10,000 ലിറ്റർ വരെ ശേഖരിക്കാനുള്ള എൻ.ഓ.സി ജില്ലാ ഭൂജല വകുപ്പ് ഓഫീസർ അനുവദിക്കും; അതിൽ കൂടുതലിന് ജില്ലാ തല വിദഗ്ധ സമിതിയുടെ ശുപാർശ വേണം. എൻ.ഓ.സിയുടെ കാലാവധി മൂന്ന് വർഷമാണ്. അപേക്ഷാഫീസ് 10,000 രൂപയും പുതുക്കൽ ഫീസ് 5,000 രൂപയുമാണ്.
ഭൂജല ലഭ്യതയുടെ അടിസ്ഥാനത്തിൽ ബ്ലോക്കുകൾക്ക് നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ബ്ലോക്കുകളും സേഫ് വിഭാഗത്തിലാണ്. മുൻമാസത്തെ യഥാർത്ഥ ജലശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള മാസം പത്താം തീയതിക്കകം ചാർജ് അടയ്ക്കണം.
പമ്പിന്റെ ഡെലിവറി ലൈനിൽ ടാംപർ പ്രൂഫ് ഡിജിറ്റൽ വാട്ടർ ഫ്ലോ മീറ്റർ (ടെലിമെട്രി സംവിധാനത്തോടെ) സ്ഥാപിക്കണം. പമ്പിങ് സമയം, ജലത്തിന്റെ അളവ്, ടാങ്കർ വാഹനങ്ങളുടെ നമ്പർ, നിറച്ച വാഹനങ്ങളുടെ എണ്ണം എന്നിവ ദിവസേന ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. പ്രതിമാസ ജലശേഖരണ വിവരങ്ങൾ തുടർന്നുള്ള മാസത്തിലെ പത്താം പ്രവൃത്തി ദിവസത്തിനകം ജില്ലാ ഓഫീസിൽ നൽകണം. കുടിവെള്ള വിതരണത്തിന് ഫിൽട്ടറേഷൻ സംവിധാനവും വേണം.
ബൾക്ക് വാട്ടർ വിതരണത്തിനായി ശേഖരിക്കുന്ന ജലം വ്യവസായ, നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്. വരൾച്ചാ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയാൽ അനുവദിച്ച അളവിൻ്റെ 50 ശതമാനം മാത്രമേ ശേഖരിക്കാവൂ. ജലസ്രോതസ്സിൻ്റെ പുനരുജ്ജീവനത്തിന് കൃത്രിമ ഭൂജല റീചാർജ് സംവിധാനങ്ങളും ഒരുക്കണം.
എൻ.ഓ.സി ഇല്ലാതെ ജലം ശേഖരിക്കുന്നതും വ്യവസ്ഥകൾ ലംഘിക്കുന്നതും ശിക്ഷാർഹമാണ്. പിഴ ഇപ്രകാരമാണ്.
രജിസ്റ്റർ ചെയ്യാത്ത ജലവിതരണ ടാങ്കറുകൾക്ക് അഞ്ച് ലക്ഷം രൂപ
ഡിജിറ്റൽ ഫ്ലോ മീറ്റർ സ്ഥാപിക്കാത്തതിനോ തകരാറുള്ള മീറ്റർ ഉപയോഗിക്കുന്നതിനോ രണ്ട് ലക്ഷം രൂപ
അനുവദനീയമായ അളവിൽനിന്ന് വ്യത്യസ്തമായി ജലം ശേഖരിച്ചാൽ ഒരു ലക്ഷം രൂപ
ലോഗ് ബുക്ക് സൂക്ഷിക്കാത്തതിന് 50,000 രൂപ
മലിനജലം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും രണ്ട് ലക്ഷം രൂപ
കുഴൽക്കിണർ നിർമാണ റിഗുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
ബോർവെൽ, ട്യൂബ്വെൽ, ഫിൽട്ടർ പോയിന്റ്റ് കിണർ, ഹാൻഡ് ബോർ എന്നിവ നിർമിക്കുന്ന സ്വകാര്യ ഏജൻസികളും സ്ഥാപനങ്ങളും സ്ഥാപനവും ഡ്രില്ലിംഗ് റിഗുകളും കേരള സംസ്ഥാന ഭൂജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നേടണം.
ഏജൻസി ഉടമ കേരളത്തിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ കിണർ നിർമാണ പ്രവൃത്തിപരിചയമുള്ള, 18 വയസ്സ് പൂർത്തിയായ ഡ്രില്ലിംഗ് ഓപ്പറേറ്റർ ഓരോ ഏജൻസിക്കും വേണം. ഓരോ റിഗിനും പ്രത്യേകം അപേക്ഷ നൽകണം; ഒരു ഏജൻസിക്ക് പരമാവധി മൂന്ന് റീഗുകൾ രജിസ്റ്റർ ചെയ്യാം.
ഏജൻസി രജിസ്ട്രേഷനുള്ള അപേക്ഷാഫീസ് 1,000 രൂപയും ഓരോ റിഗിനും 1,000 രൂപയുമാണ്.
രജിസ്റ്റർ ചെയ്ത ഏജൻസികൾ ഭൂജല വകുപ്പിൻ്റെ 'നീരറിവ്' മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും ഓരോ കിണർ നിർമാണവും പൂർത്തിയായശേഷം വിവരങ്ങൾ ആപ്പിൽ അപ്ലോഡ് ചെയ്യുകയും വേണം. റിഗിൽ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം; റിഗ് ഘടിപ്പിച്ച വാഹനത്തിൽ ജി.പി.എസ് സംവിധാനം വേണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും മറ്റ് രേഖകളും പരിശോധനയ്ക്കായി റിഗിൽ സൂക്ഷിക്കണം.രജിസ്ട്രേഷൻ ഇല്ലാത്ത ഏജൻസിയോ റിഗോ ഉപയോഗിച്ച് കിണർ നിർമിക്കുന്നത് നിയമവിരുദ്ധമാണ്. ആദ്യ ലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തും. ആവർത്തിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുകയും റിഗ് ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുകയും ചെയ്യും.
- Log in to post comments