Skip to main content
പുളിക്കീഴ് റിയോ ടെക്സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്കുതല വയോജന കലാമേള 'ഉണരൂ 2026' ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു

വയോജനങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കിയത് നാടിന്റെ സാംസ്‌കാരിക തനിമയും കഴിവുകളും: ആന്റോ ആന്റണി എംപി

നാടിന്റെ സാംസ്‌കാരിക തനിമയും ജീവിതമൂല്യങ്ങളും പാരമ്പര്യ അറിവുകളും കഴിവുകളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കിയവരാണ് വയോജനങ്ങളെന്ന് ആന്റോ ആന്റണി എംപി. പുളിക്കീഴ് റിയോ ടെക്സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്കുതല വയോജന കലാമേളയായ 'ഉണരൂ-2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ അനുഭവസമ്പത്തും സര്‍ഗാത്മക കഴിവുകളും സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും വയോജനങ്ങളെ ചേര്‍ത്തുപിടിക്കുകയും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്തിന്റെ ദീര്‍ഘവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോന്‍, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നിഷ അശോകന്‍,  രാജേഷ് ചാത്തങ്കരി, ജോ ഇലഞ്ഞിമൂട്ടില്‍, അംഗങ്ങളായ സോമന്‍ താമരച്ചാലില്‍, തോമസ് പി വര്‍ഗീസ്, എസ്.ബി.ഐ മാനേജര്‍ കെ എസ് അരുണ്‍, ശിശു വികസന പദ്ധതി ഓഫീസര്‍ അംബിക അന്തര്‍ജനം, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരായ പി സി പ്രീതാകുമാരി, എ സന്ധ്യ, എസ് റീന, സ്വപ്ന ചന്ദ്രന്‍, ജി എന്‍ ശ്രീകല, സിന്ധു ജിങ്ക ചാക്കോ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല ഡി.വൈ.എസ്.പി. പി ആര്‍ സന്തോഷ് സമ്മാനദാനം നിര്‍വഹിച്ചു.

വയോജനങ്ങളുടെ വിവിധ കലാ-കായിക  മത്സരങ്ങള്‍ അരങ്ങേറി. പ്രായത്തെ മറികടന്നുള്ള അവരുടെ ആവേശവും കലാപ്രകടനങ്ങളും സദസ്സിന്റെ ശ്രദ്ധയാകര്‍ഷിച്ചു. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനൊപ്പം പരസ്പര സൗഹൃദവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും കലാമേള വേദിയായി. പുളിക്കീഴ് ബ്ലോക്കിനെ വയോജന സൗഹൃദ ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. കലാമേളയില്‍ ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വയോജനങ്ങള്‍ പങ്കെടുത്തു.

date