ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം -തീർത്ഥാടകരുടെ സുരക്ഷയും കൂടുതൽ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് എത്തിചേരുന്ന വനിത തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷയും മതിയായ യാത്ര സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
മഹോത്സവത്തിന് എത്തിചേരുന്ന ഭക്തജനങ്ങൾക്ക് സുഗമമായ ഗതാഗതം ഒരുക്കാൻ എ സി റോഡിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പോലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി. സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരുടെ സുരക്ഷ പോലീസ് ഉറപ്പാക്കണം. നിലവിൽ 659 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഏർപ്പെടുത്തിയെന്നും കൂടുതൽ വനിത പൊലീസുകാരെ നിയോഗിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജമദ്യം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കണം. ക്ഷേത്ര പരിസരവും പൊങ്കാല മേഖലയും ഉൾപ്പെടുന്ന സ്ഥലത്തെ 17 മദ്യവില്പന ശാലകൾ ഉത്സവ ദിനങ്ങളിൽ പ്രവർത്തിക്കില്ലെന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിരക്ഷാ സേന രണ്ട് വലിയ ഫയർ എൻജിൻ യൂണിറ്റുകളും ഒരു ചെറിയ യൂണിറ്റും ക്ഷേത്ര പരിസരത്തും പൊങ്കാല അർപ്പിക്കുന്ന മേഖലയിലുമായി വിന്യസിക്കും. കെ എസ് ആർ ടി സി വിവിധയിടങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തണം. പൊങ്കാല അർപ്പിക്കുന്ന പ്രദേശങ്ങളിൽ തടസരഹിത വൈദ്യുതി ഒരുക്കാൻ കെ എസ് ഇ ബിയ്ക്ക് നിർദേശം നൽകി. മേഖലയിലെ വിവിധയിടങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ ടാപ്പുകൾ ഒരുക്കുമെന്നും ക്ഷേത്രഭരണസമിതിയുമായി ചേർന്ന് വാട്ടർ ടാങ്കർ സംവിധാനം ഏർപ്പെടുത്തുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്ടർമാർ, മറ്റു ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരെ നിയോഗിക്കാനും അടിയന്തര ചികിത്സ സഹായ സംവിധാനങ്ങൾ ഏർപ്പെടുത്താനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. പ്രധാന റോഡുകളിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
യോഗത്തിൽ എ ഡി എം സി. പ്രേംജി, സബ് കളക്ടർ സി ശിവശക്തിവേൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments