തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി കുളനട ഗ്രാമപഞ്ചായത്ത്
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്കായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കുളനട ഗ്രാമപഞ്ചായത്ത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൈപ്പുഴ ശ്രീവത്സം ഗ്രൗണ്ടില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന് നിര്‍വഹിച്ചു. ശബരിമല യാത്രാമധ്യേയുള്ള പ്രധാന ഇടത്താവളമായ കുളനടയില്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കൈപ്പുഴ ശ്രീവത്സം ഗ്രൗണ്ടില്‍ ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്താണ് സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയത്. ഇതിനോടൊപ്പം ശുചിമുറികള്‍, പരിസ്ഥിതി സൗഹൃദ ബയോ ടോയ്ലറ്റുകള്, തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള പന്തല്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം, കുളിക്കുന്നതിനുള്ള സൗകര്യം, ശുദ്ധജല ലഭ്യത, സുരക്ഷാ വേലി, ഫ്ളഡ് ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സൗകര്യങ്ങളുടെ മേല്‍നോട്ടത്തിനും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നതിനുമായി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. വിശുദ്ധി സേനാംഗങ്ങള്‍ക്കൊപ്പം പഞ്ചായത്തിലെ ശുചീകരണ ജീവനക്കാരും സജീവമായി കൈകോര്‍ത്താണ് പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. തീര്‍ത്ഥാടനകാലം മുഴുവന്‍ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ വിവരങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും പോലീസ് എയ്ഡ് പോസ്റ്റിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഫിയ രാജന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുജിത്ത് കളീയ്ക്കല്‍, സുജാ സന്തോഷ്, രാജന് മത്തായി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിലാസിനിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രതിഭാ സന്തോഷ്, ഷീജ മോനച്ചന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസന് തോമസ്, റ്റി അമ്പിളി, ഷീബ ബിനോജ്, പി പി രാജു, എം എലിസബത്ത്, പി റ്റി സുരേഷ്, ലാലമ്മ വര്‍ഗീസ്, ജി രഘുനാഥ്, ജെനി ആനന്ദ്, പി ആര് മോഹന്‍ദാസ്, അടൂര്‍ ആര്.ഡി.ഒ. ബിനു രാജ്, പന്തളം പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ. അബിന്‍ പ്രസാദ്, പന്തളം കൊട്ടാരം പ്രതിനിധി ദീപ വര്‍മ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, വില്ലേജ് ഓഫീസര്‍ അന്‍വര്‍ഷ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments