Skip to main content

സഹകരണ വാരാഘോഷം: ജില്ലാതല ഉദ്ഘാടനം നടത്തി

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിച്ചു. സഹകരണ സ്ഥാപനങ്ങള്‍ കേവലം വായ്പാ വിതരണ കേന്ദ്രങ്ങള്‍ എന്നതിലുപരി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്ന സ്ഥാപനങ്ങളായി വളര്‍ന്നിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കാര്‍ഷിക മേഖലയിലും ഗ്രാമീണ മേഖലയിലും സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിലൂടെ ആരംഭിച്ച സഹകരണ പ്രസ്ഥാനം ഇന്ന് കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും വിപണനവും, ഭവനനിര്‍മാണം, ആരോഗ്യസുരക്ഷ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും എംഎല്‍എ പറഞ്ഞു.
സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കാര്‍ഷിക-വ്യാവസായിക മേഖലകളുടെ പുരോഗതിക്കും സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന റിസ്‌ക ഫണ്ട് പദ്ധതി ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണം. സഹകരണ മേഖലയിലെ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി പ്രഖ്യാപിച്ച  സംസ്ഥാന സര്‍ക്കാരിന്റെ നടപടി പ്രതീക്ഷ നല്‍കുന്നതാണെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.

'ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളും സഹകരണ സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണവും മുന്നേറ്റവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കണ്ണൂര്‍ ഐ.സി.എം. ഡയറക്ടര്‍ ഡോ. എ കെ സക്കീര്‍ ഹുസൈന്‍ പ്രബന്ധം അവതരിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ മാറ്റങ്ങള്‍, സാങ്കേതികവിദ്യയുടെ കടന്നുവരവ്, സഹകരണ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍, സേവനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത, സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന വൈവിധ്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം 93 വായ്പകള്‍ക്കായി 1,05,28,863 രൂപയുടെ ധനസഹായം വിതരണം ചെയ്തു. വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആര്‍ രഘുനാഥ്, അര്‍ബന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധി കെ ജയവര്‍മ്മ, മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രതിനിധി റ്റി കെ സാജു, പി.സി.എ.ആര്‍.ഡി.ബി. പ്രതിനിധി എസ് വി പ്രസന്നകുമാര്‍, പി.എ.സി.എസ്. അസോസിയേഷന്‍ പ്രതിനിധി പ്രസാദ് മാത്യു, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ സി വിജയകുമാര്‍, കേരളാ ബാങ്ക് സി.പി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എന്‍ രാജേഷ്, ജോയിന്റ ഡയറക്ടര്‍ (ഓഡിറ്റ്) വി കെ സുബിന, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) എ എസ് ആന്‍സി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) ഷാജി ജോണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (എസ്.സി/ എസ്.ടി) എസ് വിമലകുമാരി, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date