ദേശീയ പാത വികസനം* വെള്ളക്കെട്ട് പരിഹാര പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം : കെ സി വേണുഗോപാൽ എം പി
ദേശീയപാത വികസനവുമായി ബന്ധപെട്ട് ജില്ലയിലെ വിവിധ നഗരസഭകളും പഞ്ചായത്തുകളും നേരിടുന്ന വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഫലപ്രദവും സമയ ബന്ധിതവുമായ പദ്ധതി നടത്തിപ്പ് ആവശ്യമാണെന്ന് കെ സി വേണുഗോപാൽ എം പി . ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ കളക്ട്രേറ്റിൽ ചേർന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മൺസൂണിനു മുൻപായി ഈ പ്രവർത്തികൾ പൂർത്തിയാക്കണം. നിരവധി തവണ ആവശ്യപ്പെട്ടതനുസരിച്ചാണ് ദേശീയ പാതാ അതോറിറ്റി 64 കോടി രൂപ പാര്ലമെന്റ് മണ്ഡലത്തിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തികൾക്കായി അനുവദിച്ചത്. ആവശ്യമായ ഓടകളും കനാലുകളും ഉൾപ്പെടെ നിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കി ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ നിർമാണം പൂർത്തിയാക്കണമെന്നും എം പി തദ്ദേശ സ്ഥാപനങ്ങളോടാവശ്യപ്പെട്ടു.
എന്നാൽ നിർമ്മാണം പ്രാദേശികമായി നിർവഹിക്കുന്നതിൽ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ യോഗത്തിൽ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചു. പ്രാദേശിക കരാറുകാരെ ഈ പ്രവർത്തികൾ ഏൽപ്പിക്കുന്നത് പ്രയോഗികമാകില്ല. മിക്ക സ്ഥലങ്ങളിലും എൻജിനീയറിങ് വൈദഗ്ധ്യവും വലിയ ഉപകരണങ്ങളും ആവശ്യമാണെന്നും ചെറിയ കരാറുകാർക്ക് അത് താങ്ങാനാകുന്നതല്ലെന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ അറിയിച്ചു.
ഇതിനെ തുടർന്ന് എല്ലാ വർക്കുകളും ഒരുമിച്ചു പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു നിർമാണ സംവിധാനത്തെ കുറിച്ച് ആലോചിക്കാൻ എം പി നിർദേശിച്ചു. ഇതിനായി യോഗം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഈ ലക്ഷ്യത്തിനായി ഒരു മേൽനോട്ട സമിതി രൂപീകരിക്കണം. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിക്കാണ് പ്രവർത്തികളുടെ ഏകോപന ചുമതല. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമായ മോണിറ്ററിങ് നടത്തണമെന്നും യോഗം നിർദേശിച്ചു.
കലവൂർ മാർക്കറ്റ് ഭാഗത്തെ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ നടപടി സ്വീകരിക്കണം. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ മഴ വെള്ളത്തിന്റെ ഒഴുക്ക് കനാലിലൂടെ സാധ്യമാക്കാൻ വേണ്ടുന്ന നിർമാണ പ്രവർത്തികൾ നടത്താൻ തുടർനടപടികൾ സ്വീകരിക്കും. പഞ്ചായത്ത് തലങ്ങളിൽ നിർമാണപ്രവർത്തികൾ നടത്താൻ കഴിയുന്ന ഇടങ്ങളിൽ അത് സാധ്യമാക്കണമെന്നു എം പി നിർദേശിച്ചു. നാരകത്തറ ജംഗ്ഷനിലെ അണ്ടർപാസ്സ് സ്ഥാപിക്കുന്നതിന് തുടർചർച്ചകൾ നടത്തണം. പഞ്ചായത്തുകളിലെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചു പ്രവർത്തികൾ ആരംഭിക്കാൻ ഏകികൃത ഏജൻസിയെ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപെടുത്തിയെന്നും യോഗത്തിൽ അദ്ദേഹം അറിയിച്ചു. എ ഡി തോമസ് എം എൽ എ , ജില്ലാ കളക്ടർ ഷാജി വി നായർ, എ ഡി എം സി. പ്രേംജി, സബ് കളക്ടർ സി ശിവശക്തിവേൽ, എൻ എച് എ ഐ പ്രൊജക്റ്റ് ഡയറക്ടർമാർ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments