അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടിച്ചെടുത്തു -പിടിച്ച കക്ക വേമ്പനാട് കായലിൽ തിരികെ നിക്ഷേപിച്ചു
മല്ലിക്കക്ക അനധികൃതമായി കടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ 1,700 കിലോയോളം മല്ലിക്കക്ക പിടിച്ചെടുത്തു. KL 32 T 5794 നമ്പർ വാഹനത്തിൽ കടത്തുകയായിരുന്ന മല്ലിക്കക്കയാണ് പിടിച്ചത്. ഡ്രൈവറെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ട് പ്രകാരമുള്ള നിയമലംഘനത്തിന് വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. പിടിച്ചെടുത്ത മല്ലിക്കക്കകൾ വേമ്പനാട് കായലിന്റെ വിവിധ ഭാഗങ്ങളിൽ തിരികെ നിക്ഷേപിച്ചു. കായലിലെ കക്കസമ്പത്ത് സംരക്ഷിക്കുന്നതിനും വളർച്ചയെത്താത്ത കക്കകളുടെ അനധികൃത ശേഖരണവും കടത്തും തടയുന്നതിനുമായി വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രലേഖ, ഇൻസ്പെക്ടർ (ബ്രാക്ക് വാട്ടർ) സീതാലക്ഷ്മി എന്നിവരുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്നീം, ഫിഷറീസ് ഓഫീസർ സിംജാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
- Log in to post comments