ലഹരിക്കെതിരെ ആലപ്പുഴ ജില്ലയിലെ 12 ഹയർ സെക്കൻഡറി സ്കൂളുകളിൽ നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിൻ
നശാ മുക്ത് ഭാരത് അഭിയാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പും ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമനും (ഓട്ടോണമസ്) സംയുക്തമായി ജില്ലയിലെ 12 ഹയർ സെക്കൻഡറി സ്കൂളുകളിൽ ദ്വിദിന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഉഷ, സാമൂഹ്യനീതി വകുപ്പ് പ്രോഗ്രാം കോർഡിനേറ്റർ നിധിൻ എന്നിവർ സംസാരിച്ചു.
കോളേജിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിയുടെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന മൈം എന്നിവ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടന്നു. ലഹരിയുടെ പിടിയിൽ അകപ്പെടാതെ ജീവിതത്തെ ക്രിയാത്മകമായും ലക്ഷ്യബോധത്തോടെയും മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലായി 3,000-ത്തിലധികം വിദ്യാർത്ഥികൾ ക്യാമ്പയിന്റെ ഭാഗമായി.
യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുകയും ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിന്റെ സൃഷ്ടിയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments