ജില്ലയുടെ പ്രളയ സാധ്യത ഒഴിവാക്കാൻ ജലനിർഗമന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തണം: മന്ത്രി എം ലിജു
ജില്ലയുടെ അവിഭാജ്യ മേഖലയായ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രളയ സാധ്യത കുറയ്ക്കാൻ ജലനിർഗമന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തണമെന്ന് എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഡിങ് ചാനലിന്റെ ആഴം കൂട്ടണം. തൊട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം ആവശ്യമാണ്. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ഉൾനാടൻ കനാലുകൾ, ജലസ്രോതസ്സുകൾ എന്നിവ മെച്ചപ്പെടുത്തി ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കണം. ഇതിനായി പദ്ധതി രൂപീകരിച്ച് പണമനുവദിക്കണം. അരൂർ മുതൽ കായംകുളം വരെ വിസ്തൃതമായ 82 കിലോമീറ്റർ നീളമുള്ള തീരദേശം തുറമുഖ വികസനത്തിന് മുതൽക്കൂട്ടാകും. തീരദേശ മേഖലയുടെ ഭൗതിക വികസനത്തിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തണം. തീരദേശ ജനതയുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ തൊഴിൽ-സാമൂഹിക-വരുമാന സുരക്ഷിതത്വം ഉറപ്പാക്കണം; ഭവന നിർമ്മാണ പ്രവർത്തികൾക്ക് തുടർച്ച വേണം. കടലിൽ പോകുന്നവർക്ക് സുരക്ഷ മുന്നൊരുക്കങ്ങളും വേണ്ടുന്ന ഉപകരണങ്ങളും ലഭ്യമാക്കണം.
കുട്ടനാടിന്റെ കാർഷിക അന്തരീക്ഷം മെച്ചപ്പെടുത്താൻ ആധുനിക കൃഷി രീതികൾ നടപ്പാക്കണം. പ്രളയകാലത്ത് ബണ്ടുകൾ തകരുന്നത് പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. പാടശേഖര സംരക്ഷണത്തിന് കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം. കുട്ടനാട് പാക്കേജ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണം. ജില്ലയുടെ തനതായ വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കണം; ഒപ്പം പരിസ്ഥിതി സൗഹൃദ ഉത്തരവാദിത്ത വിനോദസഞ്ചാര പദ്ധതികളും പ്രോത്സാഹിപ്പിക്കണം. ജില്ലയുടെ തനതായ ഗ്രാമീണ കാർഷിക സംസ്കാരത്തെയും കലാരൂപങ്ങളെയും വിനോദസഞ്ചാരത്തിലൂടെ ലോകത്തിന് ദൃശ്യമാക്കണം. വിദൂര സ്ഥലങ്ങളിലേയ്ക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ബണ്ട് റോഡുകൾ, പാലങ്ങൾ നിർമ്മിക്കണം; സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments