Skip to main content
വി വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്‌നേഹസാന്ത്വനവുമായി മുഖ്യമന്ത്രി  വസന്തകുമാറിന്റെ വീട്ടിലെത്തി

 

 

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തിയ മുഖ്യമന്ത്രി കാര്‍മാര്‍ഗം രാവിലെ 8.50ഓടെ തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി തറവാട്ടിലെത്തി. ഭാര്യ കമലാ വിജയനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം വസന്തകുമാറിന്റെ ഭാര്യ ഷീനയോടും ബന്ധുക്കളോടും വിവരങ്ങള്‍ ആരാഞ്ഞു. ബികോം ബിരുദധാരിയായ ഷീനയ്ക്ക് നിലവില്‍ ജോലി ചെയ്യുന്ന പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കുമെന്ന മന്ത്രിസഭാ തീരുമാനം അദ്ദേഹം കുടുംബത്തെ അറിയിച്ചു. ഇതിനു പുറമെ പോലിസില്‍ എസ്‌ഐ തസ്തികയില്‍ നിയമനമെന്ന വാഗ്ദാനവും നല്‍കി. ഇതില്‍ ഏതു വേണമെന്ന് ആലോചിച്ച് തീരുമാനിക്കാം. ലക്കിടിയില്‍ കൈവശമുള്ള ഭൂമിയില്‍ അനുയോജ്യമെന്നു കണ്ടെത്തുന്ന സ്ഥലത്തോ സമീപത്തെ പൊതുഭൂമിയിലോ വീട് നിര്‍മിച്ചു നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ഷീന മുഖ്യമന്ത്രിക്ക് നല്‍കി. ലക്കിടിയിലെ ഭൂമിക്ക് ആവശ്യമായ രേഖകള്‍ അനുവദിക്കാനും വസന്തകുമാറിന്റെ സഹോദരി വി വി വസുമിതയ്ക്ക് ജോലി ലഭ്യമാക്കാനും നടപടിയെടുക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോട്ടപ്പുറത്ത് തുറമുഖവകുപ്പില്‍ സീമാനായി ജോലി ചെയ്യുന്ന വസന്തകുമാറിന്റെ പിതൃസഹോദര പുത്രന്‍ വി ആര്‍ സജീവാണ് ഇപ്പോള്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മറ്റേതെങ്കിലും വകുപ്പില്‍ വയനാട്ടില്‍ നിയമനം നല്‍കണമെന്നും ഷീന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി. സജീവിന്റെ ജോലിക്കാര്യം ഉന്നയിച്ച് വസന്തകുമാറിന്റെ മാതാവ് ശാന്ത തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും നിവേദനം നല്‍കി. 

കായിക-വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍, തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date