Skip to main content

മോട്ടോർ തറകളിൽ ജോലിചെയ്യുന്ന പമ്പിങ് തൊഴിലാളികളുടെ കൂലി കൂട്ടി

ആലപ്പുഴ: കുട്ടനാട് കാർഷിക മേഖലയിലെ  മോട്ടോർ തറകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കൂലിയിൽ വർദ്ധനവ് വരുത്തി. ഒരു എച്ച്.പി മുതൽ 20 എച്ച്.പി വരെയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾക്ക്  ലഭിച്ചു കൊണ്ടിരിക്കുന്ന ദിവസവേതനം 500 രൂപയിൽ നിന്നും 625 രൂപയായും 21 എച്ച്.പി-മുതൽ 30 എച്ച്.പി വരെയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളുടെ ദിവസവേതനം 525 രൂപയിൽ നിന്നും  655 രൂപയായും 30 എച്ച്.പി-ക്ക് മുകളിൽ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളുടെ ദിവസവേതനം 540 രൂപയിൽ നിന്നും 675 രൂപയായും വർദ്ധിപ്പിച്ചു. കൂലി വർദ്ധനവിന്റെ കാലാവധി അടുത്ത രണ്ട് പുഞ്ചകൃഷി വരെയായിരിക്കും. മറ്റ് ചെലവുകൾക്കായി മോട്ടോർ തറയിലെ തൊഴിലാളികൾക്ക് നൽകിവരുന്ന ചെലവുകൾ മുൻ കാലങ്ങളിൽ നൽകിയതുപോലെ തുടരുമെന്നും പമ്പിങ് തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടലൂടെ  വിതരണം ചെയ്യുമെന്നും ജില്ല ലേബർ ഓഫീസർ അറിയിച്ചു.   

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ഭരണിക്കാവ് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ  2019 - 20 സാമ്പത്തിക വർഷത്തെ ബജറ്റ്      ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനു ശിവൻ അവതരിപ്പിച്ചു. 8,15,97,857 രൂപ വരവും, 7,89,46,299 രൂപ ചെലവും,   26,01,558 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.ഉൽപ്പാദന മേഖലയിലാണ് ബജറ്റ് പ്രാധാന്യം നൽകുന്നത്.  ഉൽപ്പാദന മേഖലയ്ക്ക് 10,066,160 രൂപ വകയിരുത്തിയിട്ടു്ണ്ട്. നെൽകൃഷിയുടെ വ്യാപനത്തിന് 42 ലക്ഷം രൂപ മാറ്റിവച്ചു. ബ്ലോക്ക്പഞ്ചായത്ത് അതിർത്തിയിൽ കൃഷി ചെയ്യുന്ന നെല്ല് പ്രദേശത്തെ ജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് മിനി റൈസ് മിൽ ആരംഭിക്കുവാൻ ബജറ്റിൽ നിർദേശമുണ്ട്.കേരകൃഷി വ്യാപനത്തിനു വേണ്ടി പത്തുലക്ഷം രൂപ വകയിരുത്തി.പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപയോഗം വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണംചെയ്യുന്ന നീർമാതളം എന്ന പദ്ധതിക്കായി 11 ലക്ഷം രൂപ വകയിരുത്തി. ക്ഷീര വികസന പരിപാടികൾക്കായി 35 ലക്ഷം രൂപ വകയിരുത്തി. മാലിന്യസംസ്‌കരണത്തിന് 30,88,720 രൂപ വകയിരുത്തി.  എല്ലാ പഞ്ചായത്തുകളിലും ഹരിതകർമ്മസേനകൾക്ക് സ്റ്റീൽ പ്ലേറ്റുകളും സെറാമിക് പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും വാങ്ങി നൽകുന്ന പദ്ധതിക്കായി 15,83,720 രൂപ വകയിരുത്തി.  കിടപ്പുരോഗികൾക്ക് ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ടി സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ബജറ്റിൽ നിർദേശമുണ്ട്. ആരോഗ്യമേഖലയ്ക്ക് വേണ്ടി 17,32,000 രൂപ മാറ്റി വയ്ക്കുന്നു. 

അങ്കണവാടികളെ ആകർഷകമാക്കുന്ന ഡിസ്‌നി ലാൻഡ് എന്ന പദ്ധതിക്ക് വേണ്ടി 8 ലക്ഷം രൂപ മാറ്റി വച്ചു്.കോളനി വികസനത്തിന് 70 ലക്ഷം രൂപയും പഠനമുറികൾ നിർമ്മിക്കുന്നതിന് 56 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,47,85,600 രൂപയും വകയിരുത്തി്. ബജറ്റ് അവതരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.സുമ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്് വി.വാസുദേവൻ, താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി.ഗീത എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത മധു, എ.നൗഷാദ്, രമ ഉണ്ണികൃഷ്ണൻ, എം.കെ വിമലൻ, കെ.സഞ്ജു, നളിനി ദേവദാസൻ, ലില്ലി ഗോപാലകൃഷ്ണൻ, സി.ദിവാകരൻ എന്നിവർ സംസാരിച്ചു. 

ഭവനരഹിതർക്ക് അപേക്ഷിക്കാം

കഞ്ഞിക്കുഴി :  പ്രധാനമന്ത്രി ആവാസ് യോജന  (ഗ്രാമീൺ )പദ്ധതി പ്രകാരം  ഭവന രഹിതർക്ക് ഭവനത്തിനായി അപേക്ഷിക്കാം.  അപേക്ഷകൾ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഗുണഭോക്താക്കൾ നേരിട്ട് നൽകണം.  അവസാന തീയതി ഫെബ്രുവരി 21.  വിശദ വിവരങ്ങൾക്ക് ഫോൺ : 0478- 2862445

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികം :കാശ്മീരി, പഞ്ചാബി നൃത്തവും പാവക്കൂത്തും നടന്നു

പറവൂർ : കേരള സർക്കാരും അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയും ഭാരത് ഭവനും ചേർന്ന് സംഘടിപ്പിച്ച  മഹാത്മാഗാന്ധിയുടെ 150ാം   ജന്മവാർഷികത്തിന്റെ ഭാഗമായുള്ള 'സബ്‌കൊ സൻമതി' പ്രോഗ്രാം  പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 

 

കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 കലാകാരന്മാർ അണിനിരന്ന ആകർഷകമായ കാശ്മീരി ,  പഞ്ചാബി നൃത്ത ഇനങ്ങളായ കശ്മീർ റൂഫ് ഡാൻസ്, പഞ്ചാബ് ഭാംഗ്റ, പഞ്ചാബ് ലൂഡി, കാശ്മീർ ബച്ച നഗ്മ എന്നീ നൃത്ത ഇനങ്ങളും അരങ്ങേറി. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാഗാന്ധിയുടെ പോരാട്ട കഥ കേരളത്തിലെ തനതു കലാരൂപമായ തോൽപ്പാവ കൂത്തിലൂടെയും അവതരിപ്പിച്ചു. ഷൊർണൂർ തോല്പാവക്കൂത്ത് കലാകേന്ദ്രമാണ് പരിപാടി അവതരിപ്പിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ ചെയര്‌പേഴ്‌സണും ഡോ പള്ളിപ്പുറം മുരളി ചെയർമാനുമായ സംഘടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. 

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ശിശുവികസന പദ്ധതി  ഓഫീസറുടെ ആവശ്യത്തിന്  മാർച്ച് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ എ.സി.കാർ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകരുത്. ടാക്‌സി പെർമിറ്റ് നിലവിലുണ്ടാവണം. ക്വട്ടേഷൻ സമർപ്പിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് മൂന്നുമണി. അന്നേദിവസം നാലുമണി.ക്ക് തുറക്കും.  വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ  കാര്യാലയം, തൈക്കാട്ടുശ്ശേരി,പാണാവള്ളി പി.ഒ,ചേർത്തല. നമ്പർ: 0478 2523206.  

date