സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം അടൂര്‍ നിയോജകമണ്ഡലത്തില്‍ 25 മുതല്‍ 27 വരെ
സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി അടൂര്‍ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി മുടിപ്പുര രേവതി ആഡിറ്റോറിയത്തില്‍ 25 മുതല്‍ 27 വരെ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ 26ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം വനംമന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, അടൂര്‍ ആര്‍ഡിഒ എം.എ.റഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.സതികുമാരി, റ്റി.മുരുകേശ്, നഗരസഭാധ്യക്ഷ ഷൈനി ബോബി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11 മുതല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവത്ക്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം ആര്‍.ബി.രാജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് കാര്‍ഷിക സെമിനാര്‍ നടത്തും. അടൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പി.ബി.ഹര്‍ഷകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 4.30 മുതല്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാക്കാരശ്ശി നാടകം അരങ്ങേറും.
26ന് രാവിലെ 10 ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രത സെമിനാര്‍ നടക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖഅനില്‍ ഉദ്ഘാടനം ചെയ്യും. 11.30 ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഭക്ഷ്യസുരക്ഷ സെമിനാര്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2.30ന് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ സംഗമം നടക്കും.
27ന് രാവിലെ 10ന് നടക്കുന്ന യുവജന വിദ്യാഭ്യാസ സെമിനാര്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ.യു.ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 11.30 ന് മോട്ടോര്‍ വാഹന വകുപ്പ് സേഫ്‌കേരള ബോധവത്ക്കരണ ക്ലാസ് നടത്തും. ഉച്ചയ്ക്ക് ശേഷം 2.30 നടക്കുന്ന കുടുംബശ്രീ സംഗമവും സമാപന സമ്മേളനവും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. (പിഎന്‍പി 666/19)
- Log in to post comments